തിരുവനന്തപുരം: ‘ഓപ്പറേഷൻ വനജ് ‘ എന്ന പേരില്‍ പട്ടികവര്‍ഗ വികസന വകുപ്പ് ഓഫീസുകളില്‍ വിജിലൻസ് നടത്തിയ റെയ്ഡില്‍ വൻ ക്രമക്കേടുകള്‍ കണ്ടെത്തി.പട്ടിക വര്‍ഗ ക്ഷേമ പദ്ധതികളുടെ നടത്തിപ്പിലാണ് വൻ ക്രമക്കേടുകള്‍ കണ്ടെത്തിയിരിക്കുന്നത്.
പട്ടികവര്‍ഗക്കാരായ ഗര്‍ഭിണികള്‍ക്ക് 18 മാസം വരെ പ്രതിമാസം 2000രൂപ നല്‍കുന്ന ജനനി ജന്മരക്ഷ പദ്ധതിയില്‍ ആലപ്പുഴയിലും കൊല്ലത്തും പണം നല്‍കിയതില്‍ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ഇരിട്ടിയില്‍ 36000 രൂപ ചെലവഴിച്ചില്ല. പാലക്കാട്ട് മൂന്ന് വര്‍ഷം മുൻപുള്ള അപേക്ഷകളില്‍ നടപടിയില്ല.
പ്രൊഫഷണല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കായി വാങ്ങിയ 4ലാപ്ടോപ്പുകള്‍ റാന്നിയില്‍ വിതരണം ചെയ്തില്ല. കല്‍പ്പറ്റയില്‍ 15കോളനികളിലെ ഇന്റര്‍നെറ്റ് സംവിധാനം മൂന്നിടത്ത് പ്രവര്‍ത്തിക്കുന്നില്ല. അനാഥരായ കുട്ടികള്‍ക്കുള്ള ‘കൈത്താങ്ങ് ‘ പദ്ധതിയില്‍ പരിശോധനയില്ലാതെ പണം അനുവദിച്ചു. തൊടുപുഴയില്‍ പാദരക്ഷ, നിശാവസ്ത്രം, യൂണിഫോം വാങ്ങിയതിലും പാലക്കാട്ട് പാല്‍, മത്സ്യം, മാംസം, പലവ്യജ്ഞനം വാങ്ങിയതിലും ക്രമക്കേട്. തൊടുപുഴയില്‍ 5ലക്ഷം സ്കോളര്‍ഷിപ്പ് തുക വിതരണം ചെയ്തിട്ടില്ല.
ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയതിന് സ്വര്‍ണമെഡല്‍ നല്‍കിയതായി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടറേറ്റില്‍ രേഖയിലുള്ള കുട്ടിയെ ഫോണില്‍ വിളിച്ചപ്പോള്‍ മെഡല്‍ ലഭിച്ചിട്ടില്ലെന്ന് കണ്ടെത്തി. കര്‍ണാടകയിലെ വിലാസമുള്ളവര്‍ക്കും വിദേശപഠനത്തിന് പണം നല്‍കി. പല അപേക്ഷകളിലും ഒരേ ഫോണ്‍നമ്ബറാണ്. നെടുമങ്ങാട്ട് 2022ല്‍ കരാറൊപ്പിട്ട പാലം നിര്‍മ്മാണം തുടങ്ങിയില്ല. കാഞ്ഞിരപ്പള്ളിയില്‍ രണ്ടരക്കോടി ചെലവിട്ട കുടിവെള്ള പദ്ധതിയിലൂടെ ഒരാള്‍ക്കു പോലും വെള്ളം കിട്ടിയില്ല. ഭവന പുനരുദ്ധാരണത്തിന് ഫണ്ട് നല്‍കിയതിലും ക്രമക്കേടുണ്ട്.
ഗുണഭോക്താക്കളെ നിശ്ചയിക്കുന്ന ‘ഊരുകൂട്ടം’ യോഗങ്ങളില്‍ ആലപ്പുഴ പട്ടികവര്‍ഗ്ഗ എക്സ്റ്റൻഷൻ ഓഫീസര്‍ പങ്കെടുക്കാറില്ല. പലേടത്തും ഊരുകൂട്ടം കൂടാറില്ല. മിക്കയിടത്തും വിവാഹ ധനസഹായ വിതരണത്തില്‍ ക്രമക്കേടുണ്ട്. ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കാറില്ല. മിക്ക ഓഫീസുകളിലും രജിസ്റ്ററുകള്‍ കൃത്യമല്ല. പട്ടികവര്‍ഗ്ഗ വികസനവകുപ്പ് ഡയറക്ടറേറ്റിലും ഏഴ് പ്രോജക്‌ട് ഓഫീസുകളിലും 11 പട്ടികവര്‍ഗ്ഗ വികസന ഓഫീസുകളിലും 14 പട്ടികവര്‍ഗ്ഗ എക്സ്റ്റൻഷൻ ഓഫീസുകളിലുമായിരുന്നു റെയ്ഡ്. പരിശോധന തുടരുമെന്നും കൂടുതല്‍ അന്വേഷണമുണ്ടാവുമെന്നും വിജിലൻസ് മേധാവി ടി.കെ വിനോദ് കുമാര്‍ അറിയിച്ചു.