ഞാനും അയോധ്യയിലേക്ക് ഇല്ല; പ്രതിഷ്ഠ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച് ശരദ് പവാർ

Breaking National

ന്യൂ ഡൽഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി എൻസിപി അധ്യക്ഷൻ ശരദ് പവാർ രംഗത്ത്.നേരത്തെ, ചടങ്ങിനുള്ള ക്ഷണം ലഭിക്കാത്തതില്‍ പവാര്‍ ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.ഇതിന് പിന്നാലെ അദ്ദേഹത്തെ പരിപാടിയിലേക്ക് ക്ഷണിക്കുകയും ചെയ്തു. എന്നാൽ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ചൂണ്ടിക്കാട്ടി ശരദ് പവാർ ക്ഷേത്ര ട്രസ്റ്റ്‌ ജനറൽ സെക്രട്ടറി ചമ്പത് റായിക്ക് കത്തയച്ചു.
ജനുവരി 22ന് നടക്കുന്ന ചടങ്ങിന് ശേഷം ക്ഷേത്രം സന്ദര്‍ശിക്കും. പിന്നീട് ഒരിക്കല്‍ സമയം കണ്ടെത്തി ദര്‍ശനത്തിന് എത്തുമെന്നും അപ്പോഴേക്കും രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയായേക്കുമെന്നും അദ്ദേഹം ചമ്പത്ത് റായിക്ക് എഴുതിയ കത്തില്‍ പറഞ്ഞു.
നേരത്തെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാനുള്ള ഔദ്യോഗിക ക്ഷണം കോൺഗ്രസ്‌ നേതാക്കളും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിഎസ്പി അധ്യക്ഷയുമായ മായാവതിയും നിരസിച്ചിരുന്നു.മായാവതിയെ കൂടാതെ മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവിനെയും വിഎച്ച്പി ക്ഷണിച്ചിരുന്നു.ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചെങ്കിലും പങ്കെടുക്കില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും അറിയിച്ചു.
രാമക്ഷേത്ര സന്ദർശനവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ പല അഭിപ്രായഭിന്നതകളും ഉടലെടുത്തിരുന്നു. പലരും പങ്കെടുക്കില്ലെന്ന നിലപാട് സ്വീകരിച്ചപ്പോൾ ശശി തരൂർ അടക്കമുള്ള നേതാക്കൾ പങ്കെടുക്കുന്നതിൽ തെറ്റില്ല എന്ന അഭിപ്രായമാണ് ഉയർത്തിയത്. ഇത് വലിയ രീതിയിൽ വിവാദമായിരുന്നു.നിർമാണം പൂർത്തിയാകാതെ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിഷ്ഠ ചടങ്ങ് നടത്തുന്നതിലെ രാഷ്ട്രീയ ലക്ഷ്യം ചൂണ്ടിക്കാട്ടി പല വിമർശനങ്ങളും ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *