അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാൻ കോഹ്ലിക്ക് പരിശീലനത്തില്‍ ഇളവ് നല്‍കി ബി.സി.സി.ഐ

Breaking National

മുംബൈ: ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാൻ അവധി നല്‍കണമെന്ന് ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്ലി.താരത്തിന്‍റെ അഭ്യര്‍ഥന പ്രകാരം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിനുള്ള പരിശീലന സെഷനില്‍നിന്ന് ബി.സി.സി.ഐ അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്തു.

കഴിഞ്ഞദിവസമാണ് മുംബൈയിലെ വീട്ടിലെത്തി കോഹ്ലിയെയും ഭാര്യ അനുഷ്ക ശര്‍മയെയും രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ചത്. അഫ്ഗാനിസ്താനെതിരായ മൂന്നാം ട്വന്‍റി20 മത്സരത്തില്‍ പങ്കെടുക്കാൻ ബംഗളൂരുവിലേക്ക് പോകുന്ന വഴി മുംബൈയിലെ വീട്ടിലെത്തി താരം ‍ക്ഷണക്കത്ത് സ്വീകരിക്കുകയായിരുന്നു. ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുല്‍ക്കര്‍, മുൻ നായകൻ എം.എസ്. ധോണി, മുൻതാരം ഗൗതം ഗംഭീര്‍ എന്നിവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

ജനുവരി 25നാണ് ഇംഗ്ലണ്ടിനെതിരെ അഞ്ചു മത്സരങ്ങളടങ്ങുന്ന ടെസ്റ്റ് പരമ്ബരക്ക് തുടക്കമാകുന്നത്. ഹൈദരാബാദിലാണ് ആദ്യ മത്സരം. അഫ്ഗാനെതിരായ ട്വന്‍റി20 പരമ്ബരക്കു പിന്നാലെ രണ്ടു ദിവസത്തെ വിശ്രമത്തിനുശേഷം 20ന് ഹൈദരാബാദിലെത്താനാണ് ടീം അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

എന്നാല്‍, പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാനും ക്ഷേത്ര സന്ദര്‍ശനം നടത്തുന്നതിനും വേണ്ടി പരിശീലനത്തില്‍നിന്ന് ഒരുദിവസം അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് കോഹ്ലി ബി.സി.സി.ഐയെ സമീപിക്കുകയായിരുന്നു.

21ന് നെറ്റ്സില്‍ പരിശീലിച്ചശേഷം അന്നു തന്നെ അയോധ്യയിലേക്കു പോകാനാണു കോഹ്ലിയുടെ തീരുമാനം. ബി.സി.സി.ഐ ഇത് അംഗീകരിക്കുകയും ചെയ്തു. ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ടു ടെസ്റ്റുകള്‍ക്കുള്ള ടീമിനെയാണ് ബി.സി.സി.ഐ കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. ആവേശ് ഖാനും ധ്രുവ് ജുറേലും ടീമിലെ പുതുമുഖങ്ങളാണ്. ബെൻ സ്റ്റോക്സ് നായകനായശേഷം ഇംഗ്ലണ്ട് ടീം ആദ്യമായാണ് ഇന്ത്യയില്‍ ടെസ്റ്റ് കളിക്കാനെത്തുന്നത്.

ടീം ഇന്ത്യ: രോഹിത് ശര്‍മ (നായകൻ), ശുഭ്മൻ ഗില്‍, യശസ്വി ജയ്സ്വാള്‍, വിരാട് കോഹ്ലി, ശ്രേയസ്സ് അയ്യര്‍, കെ.എല്‍. രാഹുല്‍, കെ.എസ്. ഭരത്, ധ്രുവ് ജുറേല്‍, ആര്‍. അശ്വിൻ, രവീന്ദ്ര ജദേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ജസ്പ്രീത് ബുംറ, ആവേശ് ഖാൻ.

Leave a Reply

Your email address will not be published. Required fields are marked *