അയോധ്യ: അയോധ്യയിലെ പുതിയ മസ്ജിദിന്റെ നിർമാണം ഈ വർഷം മേയില്‍ ആരംഭിക്കും. രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങ് ഇന്ന് പൂർത്തിയായ സാഹചര്യത്തിലാണ് മസ്ജിദിന്റെ നിർമാണ ചുമതലയുള്ള ഇൻഡോ ഇസ്‍ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷൻ (ഐ.ഐ.സി.എഫ്) നേതൃത്വം ഇക്കാര്യം അറിയിച്ചത്.രാമക്ഷേത്ര നിർമാണത്തിന് ഫണ്ട് സ്വരൂപിച്ച അതേ മാതൃകയില്‍ പൊതുജനങ്ങളില്‍ നിന്ന് സംഭാവനകള്‍ സ്വീകരിച്ചാവും പള്ളിയുടെയും നിർമാണ പ്രവർത്തനം. ഇതിനായി പ്രത്യേക ധനസമാഹരണ വെബ്സൈറ്റിന് രൂപം നല്‍കും. ക്യൂ.ആർ. കോഡ് ഉള്‍പെടെയുള്ളവ വഴി സൗകര്യപ്രദമായ മാർഗങ്ങളിലൂടെയാകും ഫണ്ട് സ്വരൂപിക്കല്‍.
സംഘ്പരിവാർ തകർത്ത ബാബരി മസ്ജിദ് സ്ഥിതി ചെയ്ത ഭൂമി രാമക്ഷേത്ര നിർമാണത്തിന് വിട്ടുകൊടുത്ത് സുപ്രീംകോടതി നേരത്തെ വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധിയില്‍ അയോധ്യയില്‍ തന്നെ പുതിയ പള്ളി നിർമിക്കാൻ അഞ്ചേക്കർ ഭൂമി കൈമാറാൻ കോടതി നിർദേശിച്ചിരുന്നു. ഈ ഭൂമിയിലാണ് “മസ്ജിദ് മുഹമ്മദ് ബിൻ അബ്ദുല്ല” എന്ന പേരില്‍ പുതിയ പള്ളി നിർമിക്കുന്നത്.
അയോധ്യയില്‍ നിന്ന് 25 കിലോമീറ്റർ അകലെയുള്ള ധാന്നിപൂർ വില്ലേജില്‍ നിർമിക്കുന്ന പള്ളിയുടെ നിർമാണ ചുമതലയുള്ള ഇൻഡോ ഇസ്‍ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷൻ തലവനായ ഹാജി അർഫാത് ഷെയ്ഖ് ആണ് മസ്ജിദിന്റെ നിർമാണം മേയില്‍ തുടങ്ങുമെന്ന് അറിയിച്ചത്.
പള്ളിയോട് അനുബന്ധിച്ചുള്ള ആശുപത്രി, കമ്യൂണിറ്റി കിച്ചണ്‍, ലൈബ്രറി തുടങ്ങിയവയുടെ നിർമാണത്തില്‍ കൂടുതല്‍ വിശദമായ നിർദേശങ്ങള്‍ ഉള്‍പ്പെടുത്താനുള്ള തയാറെടുപ്പിലാണ് അധികൃതർ. അയോധ്യ ഡെവലപ്മെന്റ് അതോറിറ്റിക്ക് ഡിസൈനുകള്‍ സമർപ്പിക്കും.
അതിനുശേഷം, മസ്ജിദ് നിർമാണത്തിന്റെ അടുത്ത ഘട്ടമാകും. ഫണ്ട് സ്വരൂപിച്ച ശേഷമാകും പള്ളിയുടെ തറക്കല്ലിടല്‍ നടക്കുക. 40,000 ചതുരശ്ര അടിയിലാകും പള്ളിയുടെ നിർമാണം. നേരത്തെ, 15,000 ചതുരശ്ര അടിയായിരുന്നു ഉദ്ദേശിച്ചിരുന്നത്.
പരമ്ബരാഗത ഇന്ത്യൻ മസ്ജിദുകളുടെ മാതൃകയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള മാതൃകകളായിരുന്നു തുടക്കത്തില്‍ പരിഗണനയില്‍. എന്നാല്‍, പിന്നീടതുമാറ്റി നവീന രീതിയിലുള്ള രൂപകല്‍പനയിലാകും പള്ളിയുടെ നിർമാണം എന്ന് നേതൃത്വം പറയുന്നു.