ആക്സിയ ക്യാമ്പസ് കണക്ട്: ബിഎംഡബ്‌ള്യുവിനെ ഇലക്ട്രിക്ക് വാഹനയുഗത്തിലേക്ക് നയിച്ച സ്റ്റെഫാൻ ജുറാഷേക്, എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുമായി സംവദിച്ചു

Kerala

തിരുവനന്തപുരം: ലോകത്തെ ഏറ്റവും അറിയപ്പെടുന്ന വാഹനനിർമാതാക്കളിൽ ഒന്നായ ബിഎംഡബ്ള്യുവിനെ ആധുനിക ഇലക്ട്രിക്ക് വാഹനയുഗത്തിലേക്ക് നയിച്ച സ്റ്റെഫാൻ ജുറാഷേക് തിരുവനന്തപുരത്ത് എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുമായി സംവദിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്‌ട്രോണിക് ആൻഡ് ഇലക്ട്രിക്കൽ എഞ്ചിനീയേഴ്‌സ് (ഐഇഇഇ), കോളേജ് ഓഫ് എഞ്ചിനീയറിംഗ്, തിരുവനന്തപുരം, സൊസൈറ്റി ഓഫ് ഓട്ടോമോട്ടീവ് എഞ്ചിനീയേഴ്‌സ് (എസ്എഇ) ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ തിരുവനന്തപുരത്തെ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നടന്ന പരിപാടിയിൽ വിവിധ കോളേജുകളിൽ നിന്നുള്ള 160ലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. ബിഎംഡബ്ള്യുവിന്റെ ഇലക്ട്രിക്ക് വാഹനങ്ങളുടെ പിതാവ് എന്നാണ് ആഗോളവേദികളിൽ സ്റ്റെഫാൻ ജുറാഷേക് അറിയപ്പെടുന്നത്. നിലവിൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള വാഹനസോഫ്ട്‍വെയർ നിർമാതാക്കളായ ആക്സിയ ടെക്‌നോളജീസിന്റെ നയതന്ത്ര ഉപദേഷ്ടാവാണ് അദ്ദേഹം. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന വാഹനവിപണിയെക്കുറിച്ചുള്ള ആഴത്തിലുള്ള ഉൾക്കാഴ്ചകൾ പങ്കുവെച്ചുകൊണ്ട് അദ്ദേഹം കാണികളെ അത്ഭുതപ്പെടുത്തി. ഇലക്ട്രിക്ക് വാഹനരംഗത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ ശ്രദ്ധേയമായിരുന്നു. പുതുമകൾ, നിരന്തരപ്രയത്നം, കൂട്ടായപ്രവർത്തനങ്ങൾ എന്നിവയാണ് വാഹനവിപണിയുടെ ഭാവി പടുത്തുയർത്തുന്ന ഘടകങ്ങളെന്ന് അദ്ദേഹം സമർത്ഥിച്ചു.

ഡിജിറ്റൽ കോക്ക്പിറ്റുകൾ, ഡിസ്പ്ളേകൾ, ഇലക്ട്രിക് ഗതാഗത സംവിധാനങ്ങൾ, ടെലിമാറ്റിക്സ് എന്നിവയുടെ പ്രവർത്തനങ്ങൾക്കാവശ്യമായ സവിശേഷ സോഫ്ട്‍വെയറുകൾ നിർമിക്കുന്ന ആക്സിയ ടെക്‌നോളജീസാണ് “ആക്സിയ ഇൻഡസ്ട്രി ക്യാമ്പസ് കണക്ട് പ്രോഗ്രാം” എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാനത്തെ പത്ത് മുൻനിര എഞ്ചിനീയറിംഗ് കോളേജുകളിലെ വിദ്യാർത്ഥികൾക്കാണ് പങ്കെടുക്കാൻ അവസരം ലഭിച്ചത്. ഈ മേഖലയിലെ വ്യവസായപ്രമുഖരുമായി നേരിട്ട് ആശയവിനിമയം നടത്താനും ഏറ്റവും പുതിയ വിപണനതന്ത്രങ്ങൾ മനസ്സിലാക്കാനും വിദ്യാർത്ഥികൾക്ക് കഴിഞ്ഞു.

തിരുവനന്തപുരത്തെ ടെക്നോപാർക്ക് ഫെയ്‌സ് 3ലെ എംബസി ടോറസ് ടെക്സോണിൽ പ്രവർത്തനമാരംഭിച്ച ആക്സിയ ടെക്‌നോളജീസിന്റെ പുതിയ ആഗോള ആസ്ഥാനത്തിന്റെയും ഗവേഷണ-വികസനകേന്ദ്രത്തിന്റെയും ഈ മാസം 22ന് നടന്ന ഉദ്‌ഘാടനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാന വ്യവസായമന്ത്രി പി. രാജീവ് ആണ് പുതിയ ആസ്ഥാനകേന്ദ്രം ഉദ്‌ഘാടനം ചെയ്തത്‍. മുൻമന്ത്രിയും നിലവിൽ എംഎൽഎയുമായ ശ്രീ. കടകംപള്ളി സുരേന്ദ്രൻ, വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് ഐഎഎസ്, ബിഎംഡബ്ള്യു ഗ്രൂപ്പ് പ്രതിനിധികളായ ക്രിസ്റ്റീന ഹെയ്‌ൻ, ജർമൻ ഫെരേര എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു. സ്റ്റെഫാൻ ജുറാഷേകിനൊപ്പം ആക്സിയ ടെക്‌നോളജീസ് സ്ഥാപക സിഇഒ ജിജിമോൻ ചന്ദ്രൻ, ടെക്‌നോപാർക് സിഇഒ കേണൽ സഞ്ജീവ് നായർ, കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് പി അംബിക, ടോറസ് ഇൻവെസ്റ്റ്മെന്റ് ഹോൾഡിങ്‌സ് ഇന്ത്യൻ വിഭാഗം മേധാവി അജയ് പ്രസാദ് എന്നിവരും പങ്കെടുത്തു.

അക്കാദമികരംഗവും വ്യവസായരംഗവും തമ്മിലുള്ള സഹകരണത്തിലൂടെ പുതുമകൾ ആവിഷ്കരിക്കാനുള്ള സാധ്യതകളിലാണ് ആക്സിയ ടെക്‌നോളജീസ് വിശ്വസിക്കുന്നതെന്ന് കമ്പനിയുടെ സ്ഥാപക സിഇഒ ആയ ജിജിമോൻ ചന്ദ്രൻ പറഞ്ഞു. വാഹനസാങ്കേതികവിദ്യയുടെ ഭാവി പടുത്തുയർത്തുന്നതിന് ഇന്നത്തെ മികവുറ്റ വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനുള്ള മികച്ച അവസരങ്ങളുടെ വേദിയാണ് ആക്സിയ ക്യാമ്പസ് കണക്ട് പ്രോഗ്രാം ഒരുക്കിനൽകുന്നത്. പുതുതലമുറ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുടെ മികവും ആവേശവും തിരുവനന്തപുരത്ത് കാണാനാകുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആക്സിയ ടെക്‌നോളജീസിലെ പ്രിൻസിപ്പൽ ആർകിടെക്റ്റും വിഷയവിദഗ്ധനുമായ സോജൻ ജെയിംസ് നയിച്ച പാനൽ ചർച്ചയായിരുന്നു പരിപാടിയുടെ മറ്റൊരു പ്രധാന ആകർഷണം. ജിജിമോൻ ചന്ദ്രനും സ്റ്റെഫാൻ ജുറാഷേകിനും പുറമെ ആക്‌സിയയുടെ ടെക്‌നോളജി വിഭാഗം അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് നിബിൽ പിഎം, ഇടുക്കി ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ നിലവിലെ പ്രിൻസിപ്പാളും സി.ഇ.ടിയുടെ മുൻ പ്രിൻസിപ്പാളുമായിരുന്ന ഡോ. സേവ്യറും ചർച്ചയിൽ പങ്കെടുത്തു.

വാഹനസോഫ്ട്‍വെയർ രംഗത്തെ വിദഗ്ധരുമായി സംസാരിക്കാനുള്ള അപൂർവ അവസരമാണ് വിദ്യാർത്ഥികൾക്ക് ലഭിച്ചതെന്ന് സി.ഇ.ടിയിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം അസോസിയേറ്റ് പ്രൊഫസറും സൊസൈറ്റി ഓഫ് ഓട്ടോമോട്ടീവ് എഞ്ചിനീയർസ് ഇന്ത്യയുടെ ഫാക്കൽറ്റി അഡ്വൈസറുമായ പ്രൊഫസർ. ശശി എൻ പറഞ്ഞു. വിപണിയുടെ ആവശ്യങ്ങൾ കോളേജ് കാലഘട്ടത്തിൽ തന്നെ തിരിച്ചറിയാനും അതിനനുസരിച്ച് ഒരുങ്ങാനും വിദ്യാർത്ഥികൾക്ക് പരിപാടി സഹായകരമായി. അക്കാദമിക രംഗത്തിനും വ്യവസായരംഗത്തിനും ഒരുപോലെ ഫലപ്രദമാണ് ഇത്തരം പരിപാടികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇലക്ട്രിക്ക് മൊബിലിറ്റി, വെഹിക്കിൾ ഇലക്ട്രിഫിക്കേഷൻ, ഡിജിറ്റൽ കോക്ക്പിറ്റുകളും യൂസർ എക്സ്പീരിയൻസും, ടെലിമാറ്റിക്സ്, കണക്ടഡ് വെഹിക്കിൾസ്, ഗവേഷണവും വികസനവും എന്നീ സുപ്രധാന വിഷയങ്ങളാണ് പരിപാടിയിൽ ചർച്ചയായത്. ഈ മേഖലകളിൽ ഇന്നുള്ള അവസരങ്ങളും വെല്ലുവിളികളും എന്തൊക്കെയാണെന്ന് വിദഗ്ധർ വിദ്യാർത്ഥികളോട് പങ്കുവെച്ചു. ഭാവിസാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും സാങ്കേതികരംഗവും വിദ്യാഭ്യാസമേഖലയും പരസ്പരം സഹകരിക്കേണ്ടതിന്റെ ആവശ്യകതയും വിഷയമായി. പുതിയ തൊഴിൽ സാഹചര്യങ്ങൾക്കനുസരിച്ച് എഞ്ചിനീയറിംഗ് വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയാണ് ലക്‌ഷ്യം.

ഇലക്ട്രിക്ക് വാഹനങ്ങൾക്ക് പിന്നിലെ സാങ്കേതികവിദ്യകളെക്കുറിച്ചും മറ്റും ആഴത്തിലുള്ള അറിവും അനുഭവങ്ങളും സമ്പാദിക്കാൻ സാധിച്ച അവസരമായിരുന്നു പരിപാടിയെന്ന് സി.ഇ.ടിയിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ പ്രിയദർശ് കെ.വി. അഭിപ്രായപ്പെട്ടു. സ്റ്റെഫാൻ ജുറാഷേക് ഉൾപ്പെടെയുള്ള ആക്‌സിയയുടെ ടീമംഗങ്ങളുമായി ഇടപഴകിയതിലൂടെ ക്‌ളാസ്‌റൂമിന്‌ പുറത്തുള്ള യഥാർത്ഥ വിപണിയെക്കുറിച്ചുള്ള കൃത്യമായ കാഴ്ചപ്പാടുകൾ ലഭിച്ചതായി പ്രിയദർശ് പറഞ്ഞു.

വാഹനവിപണനരംഗം നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികളെ കുറിച്ച് മനസ്സിലാക്കാൻ സാധിച്ചതായി കോട്ടയത്തെ സെയിന്റ്ഗിറ്റ്സ് കോളേജ് ഓഫ് എൻജിനീയറിങ്ങിൽ നിന്നെത്തിയ ഷാർലറ്റ് ജോർജ് കുര്യൻ സാക്ഷ്യപ്പെടുത്തി. നേരിട്ടുള്ള ചർച്ചകളും മറ്റും കൂടുതൽ അറിവുനേടാനും ഭാവി കരിയറിന് വേണ്ടി എങ്ങനെ തയാറെടുക്കണമെന്ന് മനസിലാക്കാനും സഹായിച്ചതായി മൂന്നാംവർഷ കംപ്യുട്ടർ സയൻസ് വിദ്യാർത്ഥിയായ ഷാർലറ്റ് പറഞ്ഞു.

വിദഗ്ധ പാനലിലെ അംഗങ്ങളുമായി നേരിട്ട് സംവദിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകിയ ചോദ്യോത്തരവേളയായിരുന്നു പരിപാടിയുടെ പ്രധാനഭാഗം. മികച്ച ചോദ്യങ്ങളും ആഴത്തിലുള്ള മറുപടികളുമായി സെഷൻ വേദിയിലുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റി. മികച്ച പങ്കാളിത്തമാണ് ചോദ്യോത്തരവേളയിൽ വേദിയിലും സദസ്സിൽ നിന്നും ഉണ്ടായത്. വിദ്യാർത്ഥികളുടെ സംശയങ്ങൾ ദുരീകരിക്കുന്നതിന് പുറമെ, അവരുടെ കരിയർ എങ്ങനെ പ്ലാൻ ചെയ്യണമെന്നത് സംബന്ധിച്ച ചോദ്യങ്ങളും ഉയർന്നു. എല്ലാ ചോദ്യങ്ങൾക്കും പാനലിസ്റ്റുകൾ വ്യക്തമായ ഉത്തരം നൽകി.

പുതുതലമുറ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിൽ പരിപാടി വലിയ പങ്കാണ് വഹിച്ചത്. അക്കാദമികവും വ്യവസായികവുമായ അന്തരം കുറയ്ക്കുന്നതിലും ആക്‌സിയയുടെ ക്യാമ്പസ് കണക്ട് പ്രോഗ്രാം ഒരു പ്രധാന ചുവടുവെയ്പ്പായി.

ആക്സിയയിലെ എഞ്ചിനീയറായ കുര്യൻ നോയൽ കീയത്ത്, സീനിയർ എഞ്ചിനീയർ ഗ്രീഷ്മ കെ.ആർ, സി.ഇ.ടി പ്രിൻസിപ്പൽ ഡോ. സുരേഷ്, ട്രിനിറ്റി കോളേജ് പ്രിൻസിപ്പാളും ആക്‌സിയയുടെ ഉപദേഷ്ടാവുമായ ഡോ. അരുൺ സുരേന്ദ്രൻ എന്നിവരും പരിപാടിയിൽ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *