ചെന്നൈ: ലോകകപ്പില്‍ ആസ്ട്രേലിയയുടെ കരുത്തുറ്റ ബാറ്റിങ് നിരയെ എറിഞ്ഞൊതുക്കി ഇന്ത്യൻ ബൗളര്‍മാര്‍. ചെന്നൈ ചെപ്പോക്കിലെ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസിനെ പേസര്‍മാരും സ്പിന്നര്‍മാരും ചേര്‍ന്ന് വരിഞ്ഞ് മുറുക്കുകയായിരുന്നു.49.3 ഓവറില്‍ 199 റണ്‍സെടുക്കുന്നതിനിടെ അവര്‍ക്ക് എല്ലാ വിക്കറ്റും നഷ്ടമായി. ഇന്ത്യക്കായി പന്തെറിഞ്ഞവര്‍ക്കെല്ലാം വിക്കറ്റ് ലഭിച്ചപ്പോള്‍ പത്തോവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി മൂന്നുവിക്കറ്റുമായി രവീന്ദ്ര ജദേജ മികച്ചുനിന്നു. ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടുവീതവും രവിചന്ദ്ര അശ്വിൻ, മുഹമ്മദ് സിറാജ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
സ്കോര്‍ ബോര്‍ഡില്‍ അഞ്ച് റണ്‍സ് ആയപ്പോഴേക്കും ആസ്ട്രേലിയക്ക് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. ആറ് പന്ത് നേരിട്ടിട്ടും അക്കൗണ്ട് തുറക്കാനാവാതിരുന്ന മിച്ചല്‍ മാര്‍ഷിനെ ബുംറയുടെ പന്തില്‍ കോഹ്‍ലി പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഡേവിഡ് വാര്‍ണറും സ്റ്റീവൻ സ്മിത്തും ചേര്‍ന്ന് ടീമിനെ കരകറ്റാൻ ശ്രമിക്കുന്നതിനിടെ 52 പന്തില്‍ 41 റണ്‍സെടുത്ത വാര്‍ണറെ സ്വന്തം ബാളില്‍ പിടികൂടി കുല്‍ദീപ് യാദവ് കൂട്ടുകെട്ട് പൊളിച്ചു. തുടര്‍ന്ന് ജദേജയുടെ ഊഴമായിരുന്നു. 71 പന്തില്‍ 46 റണ്‍സെടുത്ത സ്റ്റീവൻ സ്മിത്തിനെ ബൗള്‍ഡാക്കിയ ജദേജ, മാര്‍നസ് ലബൂഷെയ്നെ വിക്കറ്റ് കീപ്പര്‍ കെ.എല്‍ രാഹുലിന്റെ കൈയിലെത്തിച്ചു. 41 പന്തില്‍ 27 റണ്‍സായിരുന്നു ലബൂഷെയ്നിന്റെ സംഭാവന. അലക്സ് കാരിയെ റണ്ണെടുക്കും മുമ്ബും ജദേജ തിരിച്ചയച്ചതോടെ സന്ദര്‍ശകര്‍ അഞ്ചിന് 119 എന്ന നിലയിലേക്ക് വീണു.
25 പന്തില്‍ 15 റണ്‍സെടുത്ത െഗ്ലൻ മാക്സ് വെല്ലിന്റെ സ്റ്റമ്ബ് കുല്‍ദീപ് യാദവ് തെറിപ്പിച്ചപ്പോള്‍ എട്ട് റണ്‍സെടുത്ത കാമറൂണ്‍ ഗ്രീനിനെ അശ്വിൻ പാണ്ഡ്യയുടെ കൈയിലെത്തിച്ചു. 24 പന്തില്‍ 15 റണ്‍സെടുത്ത ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെ ബുംറയുടെ പന്തില്‍ ശ്രേയസ് അയ്യര്‍ പിടികൂടിയതോടെ ഓസീസ് എട്ടിന് 165 എന്ന ദയനീയ നിലയിലേക്ക് വീണു. ആറ് റണ്‍സെടുത്ത ആദം സാംബയെ രണ്ടാം വരവിലെത്തിയ പാണ്ഡ്യ കോഹ്‍ലിയുടെ കൈയിലെത്തിച്ചു. അവസാന ഘട്ടത്തില്‍ പിടിച്ചുനിന്ന മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ബാറ്റിങ്ങാണ് സ്കോര്‍ 199ല്‍ എത്തിച്ചത്. 35 പന്ത് നേരിട്ട് 28 റണ്‍സെടുത്ത താരത്തെ മുഹമ്മദ് സിറാജിന്റെ പന്തില്‍ ശ്രേയസ് അയ്യര്‍ പിടികൂടിയതോടെ ഓസീസ് ഇന്നിങ്സിനും വിരാമമായി. ഒരു റണ്‍സുമായി ജോഷ് ഹേസല്‍വുഡ് പുറത്താകാതെ നിന്നു.