ഇന്ന് അത്തം; പത്താം നാൾ പൊന്നോണം

Breaking Kerala

തിരുവനന്തപുരം: ഇന്ന് അത്തം. പൊന്നിൻ ചിങ്ങ മാസത്തിലെ ഓണാഘോഷങ്ങൾക്ക് ഇന്ന് തുടക്കം. വീട്ടുമുറ്റത്ത് പൂക്കളമിട്ടും ഓണത്തിനായുള്ള ഒരുക്കങ്ങൾ നടത്തിയും മലയാളികൾ തിരുവോണത്തെ വരവേൽക്കാനുള്ള തിരക്കിലാണ്. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പത്ത് നാളുകൾക്കാണ് അത്തം മുതൽ തുടക്കമാകുക.

അത്തം മുതൽ പത്താം ദിനമായ തിരുവോണം വരെ ഓരോ നിറങ്ങളിൽ ഓരോ പൂക്കളാൽ പൂക്കളം ഒരുക്കുന്നതാണ് ഓണത്തിന്റെ പ്രധാന ചടങ്ങുകളിൽ ഒന്ന്. മഹാബലി ചക്രവർത്തി നാടുകാണാനെത്തുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന തിരുവോണദിനത്തിന്റെ മുന്നോടിയായുള്ള ഒരുക്കങ്ങളും ഇന്നു മുതൽ ആരംഭിക്കും. ഓണക്കോടിയും ഓണസദ്യ ഒരുക്കാനുള്ള വിഭവങ്ങളും വാങ്ങാനുള്ള തിരക്കിലാണ് മലയാളികൾ.

പ്രശസ്തമായ തൃപ്പൂണിത്തുറ അത്തചമയ ഘോഷയാത്ര ഇന്ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നടൻ മമ്മൂട്ടി ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. രാവിലെ പത്തുമണിക്ക് ബോയ്‌സ് മൈതാനിയിൽ നിന്ന് ഇറങ്ങുന്ന ഘോഷയാത്ര നഗരം ചുറ്റി രണ്ടു മണിയോടുകൂടി തിരികെയെത്തും. ‘അത്തച്ചമയം ഹരിതച്ചമയം’ എന്ന പേരിൽ ഹരിത പെരുമാറ്റച്ചട്ടം കർശനമായി പാലിച്ചാണ് ഇത്തവണത്തെ അത്തം ഘോഷയാത്ര.

Leave a Reply

Your email address will not be published. Required fields are marked *