ചിങ്ങവനം: ഹോട്ടൽ ജീവനക്കാരനായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പനച്ചിക്കാട് കുഴിമറ്റം ഭാഗത്ത് മീനചിറകരോട്ട് വീട്ടിൽ അർജുൻ രാജ് (24), പനച്ചിക്കാട് കുഴിമറ്റം ഭാഗത്ത് മീനചിറകരോട്ട് വീട്ടിൽ ആദർശ് എം.പി (19) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് തിങ്കളാഴ്ച രാത്രി 11:00 മണിയോടുകൂടി പരുത്തുംപാറ,സായിപ്പ് കവല ഭാഗത്ത് വില്ലേജ് ഓഫീസിന് സമീപം വച്ച് കുഴിമറ്റം സ്വദേശിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ഹോട്ടൽ ജീവനക്കാരനായ യുവാവ് രാത്രിയിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിയിൽ പ്രതികളിൽ ഒരാളായ അര്‍ജുന്‍ യുവാവിനെ ചീത്ത വിളിക്കുകയും, ഇത് ചോദ്യം ചെയ്തതിലുള്ള വിരോധം മൂലം അര്‍ജുനും, ആദർശും സ്കൂട്ടറിൽ പിന്തുടർന്നെത്തി യുവാവിനെ ആക്രമിക്കുകയും, സ്റ്റീൽ പൈപ്പ് കൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു. പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശക്തമായ തിരച്ചിലിനൊടുവിൽ ഇരുവരെയും പിടികൂടുകയായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ ബിനു ബി.എസ്, എസ്.ഐ വിപിൻ ചന്ദ്രൻ, എ.എസ്.ഐ മനോജ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.ഇരുവരെയും കോടതിയിൽ ഹാജരാക്കി.