അഗള:പുതൂർ കുറുക്കത്തിക്കല്ല് ഊരിൽ നവജാതശിശു മരിച്ചു. പാർവതി ധനുഷിന്റെ 98 ദിവസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടത്. ജനനസമയത്ത് കുഞ്ഞിന് തൂക്കക്കുറവുള്ളതിനാൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒരു കിലോ അമ്പത് ഗ്രാമായിരുന്നു ജനിച്ചപ്പോഴുള്ള തൂക്കം. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം കഴിഞ്ഞ ശനിയാഴ്ചയാണ് പാർവതി കുഞ്ഞുമായി ഊരിലെത്തിയത്.
വീട്ടിലെത്തിയപ്പോൾ കുഞ്ഞിന് രണ്ട് കിലോ 400 ഗ്രാം തൂക്കമുണ്ടായിരുന്നു. ബുധനാഴ്ച രാത്രി പാൽ കുടിച്ച് ഉറങ്ങിയ കുഞ്ഞിന് വ്യാഴാഴ്ച പുലർച്ചെ അനക്കമുണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. പാൽ ശ്വാസനാളത്തിൽ കുരുങ്ങി മരിച്ചതാകാമെന്നാണ് നിഗമനം. അട്ടപ്പാടിയിൽ ഒരു വർഷത്തിനിടെ നാലാമത്തെ നവജാതശിശു മരണമാണിത്. നാല് ഗർഭസ്ഥശിശുക്കളും മരിച്ചു.