ലോക വൃക്കദിനത്തിൽ കാരുണ്യ സ്പർശവുമായി കോട്ടക്കൽ ആസ്റ്റർ മിംസ്

Kerala

കോട്ടക്കൽ: വൃക്ക മാറ്റി വെച്ച് ജീവിതത്തിലേക്ക് മടങ്ങിയെത്തിയ പെൺകുട്ടിക്ക് സഹായഹസ്തവുമായി കോട്ടക്കൽ ആസ്റ്റർ മിംസ് ആശുപത്രി. മലപ്പുറം സ്വദേശിനി ഫർസാനക്കാണ് ചികിത്സ ആവശ്യത്തിനായി ആശുപത്രി ധനസഹായം നൽകിയത്. ലോക വൃക്ക ദിനാചരണത്തോടനുബന്ധിച്ചായിരുന്നു കാരുണ്യ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത്. മെഡിക്കൽ ലാബ് ടെക്നീഷ്യൻ വിദ്യാർത്ഥിനിയായ ഫർസാനക്ക് കോഴ്സ് പൂർത്തിയാക്കുന്ന മുറയ്ക്ക് കോട്ടയ്ക്കൽ ആസ്റ്റർ മിംസിൽ ജോലി നൽകുമെന്നും അധികൃതർ അറിയിച്ചു.

ഗുരുതരമായ വൃക്ക രോഗത്തെ തുടർന്ന് ജീവൻ നഷ്ടപ്പെടുമെന്ന സാഹചര്യത്തിലായിരുന്നു ഫർസാന കോട്ടക്കൽ ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സക്കെത്തിയത്. എത്രയും വേഗം വൃക്ക മാറ്റിവെക്കുക എന്നല്ലാതെ മറ്റ് മാർഗ്ഗമൊന്നും ഇല്ലെന്നായിരുന്നു ഡോക്ടർമാരുടെ കണ്ടെത്തൽ. അതേസമയം ചികിത്സക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നതായിരുന്നു കുടുംബത്തിന്റെ മോശം സാമ്പത്തിക സ്ഥിതി. ഇതോടെ ആശുപത്രി മാനേജ്മെന്റും നാട്ടുകാരും മുന്നിട്ടിറങ്ങി ചികിത്സയ്ക്ക് വേണ്ട പണം കണ്ടെത്തുകയുമായിരുന്നു. തുടർന്ന് കഴിഞ്ഞ നവംബറിലായിരുന്നു വിജയകരമായ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായതും ജീവിതത്തിലേക്ക് മടങ്ങിയെത്തിയതും. കരൾ, വൃക്ക അടക്കമുള്ള ആന്തരികാവയങ്ങൾ മാറ്റിവെച്ചാൽ പിന്നീട് മറ്റ് ജോലികൾ ഒന്നും ചെയ്യാതെ അടച്ചിരിക്കേണ്ടി വരുമെന്ന സമൂഹത്തിന്റെ മിഥ്യാധാരണ മാറ്റുന്നതായിരുന്നു ഈ മടങ്ങിവരവ്.

അപാരമായ ഇച്ഛാശക്തിയുടെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായ ഫർസാന ആദ്യ ദിനം മുതൽ രോഗത്തെ പൊരുതി തോൽപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. ഇതിനായി മുടങ്ങിക്കിടന്ന തന്റെ പാര മെഡിക്കൽ പഠനം തുടരുകയും പഠനത്തിനായി കൂടുതൽ സമയം കണ്ടെത്തുകയും ചെയ്തു. മെഡിക്കൽ ലാബ് ടെക്നീഷ്യൻ കോഴ്സ് പൂർത്തിയാക്കി എത്രയും വേഗം ജോലി കണ്ടെത്തണമെന്നും അതുവഴി കുടുംബത്തെ സഹായിക്കണമെന്നുമായിരുന്നു ആഗ്രഹം. വിവരമറിഞ്ഞ ആശുപത്രി അധികൃതർ ഇതിനുവേണ്ട മുഴുവൻ പിന്തുണയും അറിയിച്ച് രംഗത്തെത്തുകയായിരുന്നു.ആസ്റ്റർ മിംസിലെ നെഫ്രോളജി വിഭാഗം ഡോക്ടർമാരായ ഡോ. രഞ്ജിത്ത് നാരായണൻ, ഡോ. സജീഷ് ശിവദാസ്, ഡോ. ഷൈസിൽ ഷഫീഖ് എന്നിവർ വീട്ടിലെത്തിയായിരുന്നു ചികിത്സാസഹായം കൈമാറിയതും ജോലിക്കാര്യം അറിയിച്ചതും. ഇച്ഛാശക്തിയുടെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമാണ് ഫർസാനയെന്നും ഇത് ചികിത്സക്ക് വലിയ രീതിയിൽ ഗുണം ചെയ്തിട്ടുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു. എത്രയും വേഗം ചികിത്സ പൂർത്തിയാക്കി പരീക്ഷ കൂടി ജയിച്ചാൽ ഇഷ്ട ജോലി കാത്തിരിക്കുന്നുണ്ട് എന്നതിനാൽ വലിയ ആവേശത്തിലാണ് ഫർസാന.

Leave a Reply

Your email address will not be published. Required fields are marked *