കൊച്ചി: ലോക അവയവദാന ദിനത്തോടനുബന്ധിച്ച് അറിവും ചിന്തയുമുണർത്തുന്ന വിവിധ ബോധവത്കരണപരിപാടികൾ സംഘടിപ്പിച്ച് ആസ്റ്റർ മെഡ്‌സിറ്റി. അവയവദാനത്തിന്റെ മഹത്വവും പ്രാധാന്യവും വിളിച്ചറിയിക്കുന്നതിനായി അമ്പതോളം വനിതാജീവനക്കാർ നയിച്ച ബൈക്ക് യാത്ര ശ്രദ്ധേയമായി. “ഷീ റൈഡ്” എന്ന് പേരിട്ട പരിപാടി, കൊച്ചിയിലെ ആസ്റ്റർ മെഡ്‌സിറ്റി ക്യാംപസിലെ “ഗാർഡൻ ഓഫ് ലൈഫി”ൽ നിന്ന് തുടങ്ങി ക്വീൻസ് വാക് വേയിൽ സമാപിച്ചു. ആസ്റ്റർ ഇന്ത്യയുടെ ചീഫ് നഴ്‌സിംഗ് ഓഫിസർ ക്യാപ്റ്റൻ തങ്കം രാജരത്തിനം റാലി ഫ്ലാഗ് ഓഫ് ചെയ്തു.
അന്തരിച്ച അവയവദാതാക്കളുടെ സ്മരണാർത്ഥം ആസ്റ്റർ മെഡ്‌സിറ്റി ആശുപത്രി പരിസരത്ത് സ്ഥാപിച്ചിട്ടുള്ള സ്മാരകമാണ് ഗാർഡൻ ഓഫ് ലൈഫ്. അവയവദാനത്തിലൂടെ നിരവധിപേരുടെ ജീവിതം രക്ഷിച്ചവരുടെ ഓർമയ്ക്കായാണ് ഈ സ്മാരകം നിലകൊള്ളുന്നത്. അവയവദാനത്തിന് തയാറാകുന്ന ഓരോ വ്യക്തിക്കും മറ്റ് എട്ട് പേരുടെ വരെ ജീവൻ രക്ഷിക്കാനാകും. അത് സമൂഹത്തിലുണ്ടാക്കുന്ന വലിയ മാറ്റങ്ങളും സ്മാരകം ഓർമപ്പെടുത്തുന്നു.
“ലൈഫ് ബിഫോർ ആഷസ്” എന്ന പേരിൽ, അവയവദാനത്തിന്റെ പ്രാധാന്യമുണർത്തുന്ന പ്രത്യേക പ്രദർശനവും ആശുപത്രിയിൽ സംഘടിപ്പിച്ചു. സംസ്കാരം കഴിഞ്ഞ ശേഷം അവശേഷിക്കുന്ന മനുഷ്യരുടെ ചാരവും മണ്ണും ഉപയോഗിച്ച് നിർമിച്ച മനുഷ്യാവയവങ്ങളുടെ രൂപങ്ങളായിരുന്നു പ്രദർശനത്തിനുണ്ടായിരുന്നത്. അവയവദാനത്തിനുള്ള അവസരം നഷ്ടമായി വേർപിരിഞ്ഞുപോയവരുടെ പ്രതീകമായിരുന്നു അവ. മരണശേഷം ചാരമായിപ്പോയ ഹൃദയങ്ങളും വൃക്കകളും കരളും ഉൾപ്പെടെയുള്ള പല അവയവങ്ങളും ജീവിച്ചിരിക്കുന്ന രോഗികൾക്ക് വലിയ ആശ്വാസമാകേണ്ടതായിരുന്നുവെന്ന ഞെട്ടിക്കുന്ന യാഥാർഥ്യം സൂചിപ്പിക്കുന്നതായിരുന്നു പ്രദർശനം. ആ അവയവങ്ങൾ ദാനം ചെയ്തിരുന്നുവെങ്കിൽ ജീവിച്ചിരിക്കുന്ന നിരവധിപേരുടെ ആയുസ് വർധിപ്പിക്കാനാകുമായിരുന്നു എന്ന ഓർമ്മപ്പെടുത്തൽ കൂടിയായി അത്.
അവയവദാനത്തെക്കുറിച്ചുള്ള അറിവ് വർധിപ്പിക്കാനും മരണശേഷം അവയവങ്ങൾ മറ്റുള്ളവർക്ക് ദാനം ചെയ്യുമെന്ന് പ്രതിജ്ഞയെടുക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതിനും വേണ്ടിയാണ് ലോക അവയവദാന ദിനം ആചരിക്കുന്നത്. ഓരോ ദിവസവും അവയവമാറ്റത്തിന് ദാതാക്കളെ കിട്ടാത്തത് കാരണം 17 പേർ മരിക്കുന്നുണ്ടെന്നാണ് കണക്ക്. ഇത്രയേറെ ജീവനുകൾ രക്ഷിക്കാൻ കഴിയുമെന്നിരിക്കെ, അവയവദാനത്തിന് തയാറാകുന്നവരുടെ എണ്ണം വളരെ കുറവാണ്.