ഹാങ്ചൗ: ഏഷ്യൻ ഗെയിംസിന് ചൈനയിൽ തുടക്കമായി. ഒളിംപിക്സ് സ്പോർട്സ് സെന്ററിലെ ബിഗ് ലോട്ടസ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകിട്ട് 5.30 നാണ് 19–ാംമത് ഏഷ്യൻ ഗെയിംസിന് തുടക്കം കുറിച്ചത്. ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങ് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം കുറിച്ചതായി പ്രഖ്യാപിച്ചു. വേദിയിൽ വിവിധ രാജ്യങ്ങളുടെ മാർച്ച് പാസ്റ്റും നടന്നു.
ഇന്ത്യൻ ഹോക്കി ടീം നായകൻ ഹർമ്മൻപ്രീത് സിങ്ങും വനിതാ ബോക്സിങ് താരവുമായ ലവ്ലിന ബോര്‍ഗൊഹെനും ഇന്ത്യൻ പതാകയേന്തി മാർച്ചിൽ അണിനിരന്നു. കാക്കി നിറത്തിലുള്ള സാരി ധരിച്ചാണ് ലവ്ലിന ഇന്ത്യൻ പതാകയേന്തിയത്. കുർത്തയാണ് ഹർമ്മൻ പ്രീത് ധരിച്ചിരുന്നത്. 650തിലധികം വരുന്ന ഇന്ത്യൻ കായിക സംഘം കൈയിൽ ത്രിവർണ പതാകയുമായി ഇവരെ അനുഗമിച്ചു. പരമ്പരാഗത ചൈനീസ് കലാരൂപങ്ങളും കൃത്രിമബുദ്ധിയുടെ സഹായത്തോടെയുള്ള ആധുനിക സാങ്കേതിക വിദ്യയും ചേർത്തിണക്കിയ കലാരൂപങ്ങളാണ് ചൈന വേദിയിൽ അവതരിപ്പിച്ചത്. ഏഷ്യൻ ഗെയിംസിന്റെ 16 ദിവസം നീണ്ടുനിൽക്കും. 45 രാജ്യങ്ങൾ വിവിധ മത്സരങ്ങളിലായി മാറ്റുരയ്ക്കും.