ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ വീണ്ടുമൊരു മലയാളി മെഡല്‍ നേട്ടം. വനിതകളുടെ ലോങ് ജംപില്‍ ഇന്ത്യയുടെ ആന്‍സി സോജനാണ് വെള്ളി മെഡല്‍ നേടിയത്. തൃശൂര്‍ നാട്ടിക സ്വദേശിയാണ് 22 കാരിയായ ആന്‍സി. ഫൈനലില്‍ ഇന്ത്യയുടെ തന്നെ ശൈലി സിങ് അഞ്ചാം സ്ഥാനത്തെത്തി. അഞ്ചാം ശ്രമത്തില്‍ 6.63 മീറ്റര്‍ ചാടിയാണ് ആന്‍സിയുടെ മെഡല്‍നേട്ടം. ആദ്യ ശ്രമത്തില്‍ 6.13, രണ്ടാം ശ്രമത്തില്‍ 6.49, മൂന്നാം ശ്രമത്തില്‍ 6.56, നാലാം ശ്രമത്തില്‍ 6.30 മീറ്റര്‍ എന്നിങ്ങനെയായിരുന്നു താരത്തിന്റെ പ്രകടനം. അഞ്ചാം ശ്രമത്തില്‍ 6.63 മീറ്റര്‍ പിന്നിട്ട് മികച്ച വ്യക്തിഗത പ്രകടനവും ആൻസി കുറിച്ചു. 6.73 മീറ്റര്‍ ചാടിയ ചൈനയുടെ സിയോങ് ഷിഖിക്കാണ് സ്വര്‍ണം നേടിയത്.
4X400 മീറ്റര്‍ മിക്‌സഡ് റിലേ മത്സരത്തിൽ ഇന്ത്യൻ ടീം വെള്ളി മെഡല്‍ സ്വന്തമാക്കി. മലയാളി താരം മുഹമ്മദ് അജ്മല്‍ അടങ്ങിയ നാലംഗ സംഘമാണ് രണ്ടാമതെത്തിയത്. അജ്മലിനെ കൂടാതെ ആര്‍ വിത്യ രാംരാജ്, രാജേഷ് രമേഷ്, ശുഭ വെങ്കടേശന്‍ എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി വെള്ളിമെഡല്‍ നേടിയത്.