അൽ റയ്യാൻ: ഏഷ്യൻ കപ്പ് ഫുട്‌ബോൾ ടൂർണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ റാങ്കിംഗിൽ കാതങ്ങൾ മുന്നിലുള്ള ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ ആദ്യ പകുതിയിൽ പ്രതിരോധകോട്ട കെട്ടി പൊരുതി നോക്കിയെങ്കിലും രണ്ടാം പകുതിയിൽ രണ്ട് ഗോൾ വാങ്ങി തോൽവി വഴങ്ങി. ജാക്‌സൺ ഇർവിനും, ജോർദാൻ ബോസുമാണ് രണ്ടാം പകുതിയിൽ ഓസ്‌ട്രേലിയയുടെ വിജയമുറപ്പിച്ച ഗോളുകൾ നേടിയത്. മലയാളി താരങ്ങളായ സഹലിനും രാഹുലിനും ഇന്നലെ കളിക്കാൻ അവസരം കിട്ടിയില്ല. ഗ്രൂപ്പ് ബിയിൽ വ്യാഴാഴ്ച ഉസ്‌ബെക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
50-ാം മിനിട്ട്: രണ്ടാം പകുതിയിൽ തുടക്കം മുതൽ ആക്രമണം കടുപ്പിച്ച ഓസ്‌ട്രേലിയ അഞ്ച് മിനിട്ടിനകം ജാക്‌സൺ ഇർവിനിലൂടെ ലീഡെടുത്തു. വലുതുവിങ്ങിൽ നിന്ന് ഇന്ത്യൻ ഗോൾ മുഖത്തേയ്ക്ക് ഉയർന്നുവന്ന ക്രോസ് ഗോളി ഗുർപ്രീതിന് കൃത്യമായി ക്ലിയർ ചെയ്യാനായില്ല. ഗുർപ്രീത് തട്ടിയകറ്റിയ പന്ത് നേരെ ചെന്നത് ബോക്‌സിനുള്ളിൽ തൊട്ടുമുന്നിലുണ്ടായിരുന്ന ഇർവിന്റെ കാലിലേക്ക്. മനോഹരമായ ഇടംകാലൻ ഷോട്ടിലൂടെ ഇന്ത്യൻ പ്രതിരോധം ഭേദിച്ച് ഇർവിൻ വലകുലുക്കി.
73-ാം മിനിട്ട്: ക്രെയ്ഗ് ഗുഡ്‌വിന് പകരക്കാരനായി കളത്തിലിറങ്ങിയ ജോർദാൻ ബോസ് ഫസ്റ്റ് ടച്ച് തന്നെ ഗോളാക്കി. വലതുവിംഗിൽ നിന്ന് റിലേ മക്ഗ്രീ നൽകിയ ഗംഭീര പാസ് വലയിലേക്ക് തട്ടിയിടേണ്ട ജോലിയെ ജോർദാനുണ്ടായിരുന്നുള്ളൂ.
തോറ്റെങ്കിലും റാങ്കിംഗിൽ 25-ാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയെ ഒന്നാം പകുതിയിൽ ഇന്ത്യ സമർത്ഥമായി പിടിച്ചുകെട്ടി. സന്ദേശ് ജിങ്കന്റെയും ദീപക് തൻഗ്രിയുടേയും നേതൃത്വത്തിൽ പ്രതിരോധനിര കോട്ടകെട്ടിയപ്പോൾ മദ്ധ്യനിരയും നന്നായി കളിച്ചു. ക്രോസ് ബാറിനുകീഴിൽ ഗുർപ്രീതും ജാഗരൂകനായിരുന്നു. മത്സരത്തിൽ വലിയ ആധിപത്യം ഓസീസിനായിരുന്നു. ആകെ 28 ഷോട്ടുകൾ തൊടുത്ത അവർ ടാർഗറ്റിലേക്ക് എടുത്തത് ആറ് ഷോട്ടുകളാണ്. അവസാന നിമിഷവും അവർ ഗോളിനടുത്തെത്തിയെങ്കിലും ഇന്ത്യൻ പ്രതിരോധ നിര കോട്ടകെട്ടി.
15 -ാം മിനിട്ടിൽ സുനിൽ ഛെത്രിക്ക് ഇന്ത്യയ്ക്ക് ലീഡ് നേടിക്കൊടുക്കാൻ സുവർണാവസരം കിട്ടിയെങ്കിലും അദ്ദേഹത്തിന്റെ ഡൈവിംഗ് ഹെഡ്ഡറുടെ പോസ്റ്റിനരികിലൂടെ പുറത്തേക്ക് പോയി.
ഒരു എഷ്യൻ കപ്പ് മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറിയായി ജപ്പാൻകാരി യോഷിമി യമഷിത മാറി.
ഏഷ്യൻകപ്പ്: ഇന്ത്യ ഓസ്‌ട്രേലിയോട് തോറ്റു
