ബെംഗളൂരു: അടുത്ത വര്‍ഷം ആദ്യം നടക്കുന്ന ഏഷ്യ കപ്പിന് മുന്നോടിയായി നാലാഴ്ചത്തെ ക്യാമ്പ് വേണമെന്ന മുഖ്യ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക്കിന്റെ നിര്‍ദേശത്തെ പിന്തുണച്ച് ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി. ഏഷ്യയിലെ മികച്ച ടീമുകളെ നേരിടാന്‍ മതിയായ തയ്യാറെടുപ്പ് നടത്താന്‍ ടീമിന് സമയം ആവശ്യമാണെന്ന് ഛേത്രി പറഞ്ഞു. ഏഷ്യന്‍ കപ്പില്‍ മികച്ച പ്രകടനം നടത്താന്‍ തനിക്ക് നാലാഴ്ചത്തെ ക്യാമ്പെങ്കിലും വേണമെന്ന് സ്റ്റിമാക് പ്രസ്താവിച്ചിരുന്നു. എന്നാല്‍ ക്ലബ്ബുകള്‍ അംഗീകരിക്കാത്തതിനാല്‍ അദ്ദേഹത്തിന്റെ ആവശ്യം നിറവേറ്റാന്‍ പ്രയാസമാണെന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) സൂചിപ്പിച്ചു. ആഭ്യന്തര സീസണ്‍ നടക്കുമ്പോള്‍ ഇത്രയും കാലം തങ്ങളുടെ കളിക്കാരെ വിട്ടയക്കുക പ്രായോഗികമല്ലെന്നാണ് ക്ലബ്ബുകള്‍ പറയുന്നത്.
‘ഏഷ്യ കപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ഓസ്ട്രേലിയ, ഉസ്ബെക്കിസ്ഥാന്‍, സിറിയ എന്നീ രാജ്യങ്ങളാണ് ഇന്ത്യയുടെ എതിരാളികള്‍. അതുകൊണ്ടാണ് സ്റ്റിമാക്കും ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധുവും നീണ്ട ക്യാമ്പുകളെക്കുറിച്ച് സംസാരിച്ചത്. ഞങ്ങള്‍ക്ക് അത് ആവശ്യമാണ്, ഞങ്ങള്‍ക്ക് അത് ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ ഛേത്രി പറഞ്ഞു.
ക്ലബ്ബുകളില്‍ നിന്ന് വ്യത്യസ്ത മാനസിക നിലകളോടെ വരുന്ന ആളുകളെ ഒരു കൂട്ടായ സംഘമാക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ട് ടൂര്‍ണമെന്റുകളിലും ടീമിന്റെ വിജയത്തിന് കാരണമായത് 50 ദിവസത്തിലധികം നീണ്ട ക്യാമ്പുകളാണെന്ന് ഛേത്രി ചൂണ്ടിക്കാട്ടി.
മണിപ്പൂരില്‍ നടന്ന ത്രിരാഷ്ട്ര അന്താരാഷ്ട്ര ടൂര്‍ണമെന്റിലും ഭുവനേശ്വറില്‍ നടന്ന ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിലും ബെംഗളൂരുവില്‍ നടന്ന സാഫ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യ ജേതാക്കളായിരുന്നു. മെയ് പകുതി മുതല്‍ സാഫ് ചാമ്പ്യന്‍ഷിപ്പ് വരെ കളിക്കാര്‍ ദേശീയ ക്യാമ്പില്‍ ഉണ്ടായിരുന്നു.
ദോഹയില്‍ നടക്കുന്ന ഏഷ്യ കപ്പ് തന്റെ അവസാന ഏഷ്യാ കപ്പായിരിക്കുമെന്ന് ഛേത്രി പ്രസ്താവിച്ചിട്ടുണ്ട്.