തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരായ ഡ്രൈവർ യദുവിന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി യദുവിന്റെ മൊഴി എടുക്കും.
അതിനിടെ മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ തമ്പാനൂർ പോലീസ്, ഡിപ്പോയിലെ കെഎസ്ആർടിസി ജീവനക്കാരെ ചോദ്യം ചെയ്യും. ബസ് ടെർമിനലിനുള്ളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും.
കേസിലെ നിർണായക തെളിവായ ബസ്സിലെ സിസിടിവി ക്യാമറ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് കണ്ടെത്താനുള്ള ശ്രമം മൂന്നാം ദിവസവും തുടരുകയാണ്. മെമ്മറി കാർഡ് എടുത്തു മാറ്റിയത് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നാവാം എന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണ സംഘം.
കെഎസ്ആർടിസിയുടെ ആഭ്യന്തര അന്വേഷണവും ഇക്കാര്യത്തിൽ തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഫോറൻസിക് സംഘം കെഎസ്ആർടിസി ബസില്‍ പരിശോധന നടത്തിയിരുന്നു. അതിന്റെ ഫലം കൂടി കാത്തിരിക്കുകയാണ് അന്വേഷണസംഘം.