തേനി(തമിഴ്‌നാട്):കമ്പത്തിന് സമീപം ആനക്കൊമ്പുമായി രണ്ടുപേരെ സെന്‍ട്രല്‍ വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. തേനി കൂടല്ലൂര്‍ കന്നികാളിപുരം സ്വദേശി സുരേഷ് കണ്ണന്‍ (32),ഇടുക്കി കടശികടവ് സ്വദേശി മുകേഷ് കണ്ണന്‍ (28) എന്നിവരാണ് പിടിയിലായത്.വണ്ടന്‍മേട് പഞ്ചായത്ത് മുന്‍ പ്രസിഡന്റും ഐന്‍.ടി.യൂ.സി ജില്ലാ പ്രസിഡന്റുമായ രാജാ മാട്ടുക്കാരന്റെ മകനാണ് പിടിയിലായ മുകേഷ് കണ്ണന്‍.
തേനി ജില്ലയിലേക്ക് വ്യാപകമായി ആനക്കൊമ്പ് കടത്തുന്നതുമായി ബന്ധപ്പെട്ട് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് സെന്‍ട്രല്‍ വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് സെന്‍ട്രല്‍ വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ ഇന്‍സ്‌പെക്ടര്‍ രവീന്ദ്രന്റെ നേതൃത്വത്തില്‍ കമ്പം വെസ്റ്റ് ഫോറസ്റ്റ് വാര്‍ഡന്‍ സ്റ്റാലിനും വനംവകുപ്പ് ഉദ്യോഗസ്ഥരും ഇന്നലെ ഉച്ചയോടെ കമ്പം- കുമളി റോഡിലെ അപ്പാച്ചെ ഫാം പരിസരത്ത് വാഹന പരിശേധ നടത്തി വരവെയാണ് പ്രതികള്‍ പിടിയിലായത്.
കര്‍ണാടക രജിസ്ട്രേഷനിലുള്ള മോട്ടോര്‍ സൈക്കിളില്‍ ചാക്കുമായി രണ്ട് യുവാക്കള്‍ എത്തുകയായിരുന്നു. തുടര്‍ന്ന് ഇവരെ തടഞ്ഞുനിര്‍ത്തി പരിശോധന നടത്തിയപ്പോള്‍ 3 ആനക്കൊമ്പുകള്‍ കണ്ടെത്തി.അവയില്‍ 2 കൊമ്പുകള്‍ വലുതും ഒരെണ്ണം ചെറുതുമാണ്.
പ്രതികളെ കമ്പം ഈസ്റ്റ് ഫോറസ്റ്റ് ഓഫീസിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു.ഇവര്‍ ആനക്കൊമ്പുകള്‍ വില്‍പനയ്ക്കായി കടത്തുകയായിരുന്നുവെന്നും അന്വേഷണത്തില്‍ വ്യക്തമായി. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന്
അന്വേഷണം നടത്തിവരികയാണെന്ന് അധികൃതര്‍ പറഞ്ഞു