സിക്കിമിൽ മിന്നൽ പ്രളയം: 23 സൈനികരെ കാണാതായി

National

ഗാങ്‌ടോക്: വടക്കന്‍ സിക്കിമിലെ ടീസ്റ്റ നദിയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ സൈനിക ക്യാമ്പ് തകര്‍ന്ന് 23 സൈനികരെ കാണാതായതായി റിപ്പോര്‍ട്ട്. ലൊനാക് തടാകത്തിന് മുകളില്‍ പെട്ടെന്നുണ്ടായ മേഘവിസ്‌ഫോടനമാണ് വെള്ളപ്പൊക്കത്തിന് കാരണമായത്.

സൈനിക വാഹനങ്ങളും ക്യാമ്പുകളും വെള്ളത്തിനടിയിലാണ്. കാണാതായ സൈനികര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ടീസ്റ്റ നദിക്ക് കുറുകെയുള്ള സിങ്തം പാലം തകര്‍ന്നു. പശ്ചിമ ബംഗാളിനെ സിക്കിമുമായി ബന്ധിപ്പിക്കുന്ന ദേശീയ പാതയുടെ ഭാഗങ്ങള്‍ ഒലിച്ചുപോയി. ചുങ്താങ് അണക്കെട്ട് തുറന്നുവിട്ടതാണ് നദിയില്‍ ജലനിരപ്പുയരാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട്.

ജലനിരപ്പ് പതിനഞ്ച് മുതല്‍ ഇരുപതടിവരെ ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. ജനവാസ മേഖലകള്‍ വെള്ളത്തിനടിയിലായി. കെട്ടിടങ്ങളും വീടുകളും നിരവധി റോഡുകളും തകര്‍ന്നു. ലാചെന്‍ താഴ്വരയിലെ സൈനിക ക്യാമ്പുകളെ പ്രളയം ബാധിച്ചതായി ഈസ്റ്റേണ്‍ കമാന്‍ഡ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *