ബെംഗളുരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനും ലോറിക്കുമായുള്ള തിരച്ചിലിനായി ഗോവയിൽ നിന്ന് ഡ്രെഡ്ജർ പുറപ്പെട്ടു. പുലർച്ചെ അഞ്ച് മണിയോടെ മുർമഗോവ തുറമുഖത്ത് നിന്ന് തിരിച്ച ഡ്രെഡ്ജർ വെസൽ വൈകുന്നേരത്തോടെ ഉത്തര കന്നഡ ജില്ലയിലെ കാർവാർ തുറമുഖത്ത് എത്തിച്ചേരും. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിച്ച ശേഷമാകും കാർവാറിൽ നിന്ന് ഡ്രെഡ്ജർ വെസൽ ഷിരൂരിലെ ഗംഗാവലി പുഴയിലേക്ക് നീങ്ങുക. മറ്റു തടസങ്ങൾ ഒന്നുമില്ലെങ്കിൽ വ്യാഴാഴ്ച ഡ്രഡ്ജിങ് തുടങ്ങാനാണ് നിശ്ചയിച്ചിരിക്കുന്നത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് കഴിഞ്ഞ മാസം 16 നായിരുന്നു പുഴയിൽ തിരച്ചിൽ നിർത്തിവെച്ചത്.
ഓഗസ്റ്റ് പതിനാറിനാണ് അർജുനായുള്ള തിരച്ചിൽ അവസാനിപ്പിച്ചത്. കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. തുടന്ന് അർജുന്റെ മാതാപിതാക്കൾ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ നേരിട്ടെത്തിക്കണ്ട് തിരച്ചിൽ പുനരാരംഭിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് സാങ്കേതിക പ്രശ്നങ്ങള് പരിഹരിച്ച് തിരച്ചിൽ പുനരാരംഭിക്കാൻ സർക്കാർ തീരുമാനിച്ചത്.