സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന് മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബൃന്ദ കാരാട്ട് എന്നെങ്കിലും തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടോയെന്നായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ്റെ ചോദ്യം. ഇത്തരം കാര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അർഹിക്കുന്ന അവജ്ഞയോടെ തള്ളുന്നതായും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ആരിഫ് മുഹമ്മദ് ഖാനെ ബൃന്ദ കാരാട്ട് രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. ബിജെപി നിർദ്ദേശ പ്രകാരമാണ് കേരള സർക്കാരിൻ്റെ പ്രവർത്തനങ്ങളിൽ ഗവണർ ഇടപെടുന്നതെന്ന് വിമർശിച്ച ബൃന്ദ കാരാട്ട് ഗവർണറോട് വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാനും നിർദ്ദേശിച്ചിരുന്നു. ‘കേരള ഗവർണർ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സജീവമായി പങ്കെടുക്കുന്നത് കൂടുതൽ ഉചിതമായിരിക്കും, കേരളത്തിലെ ഏതെങ്കിലും സീറ്റിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുക’ എന്നായിരുന്നു ബൃന്ദയുടെ നിർദ്ദേശം. ഇതിന് മറുപടിയുമായാണ് ഗവർണർ രംഗത്ത് വന്നത്.