പത്തനംതിട്ട: ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്തൃട്ടാതി വള്ളംകളിയിൽ എ ബാച്ച് വിഭാഗത്തില്‍ ഇടശ്ശേരി മല പള്ളിയോടം കിരീടം ചൂടി. ഇടപ്പാവൂര്‍ പേരൂര്‍ രണ്ടാം സ്ഥാനവും നെടുമ്പ്രയാര്‍ മൂന്നാം സ്ഥാനവും നേടി. ബി ബാച്ചില്‍ ഇടക്കുളം പള്ളിയോടമാണ് ജേതാക്കളായത്. ഇടപ്പാവൂര്‍ രണ്ടാം സ്ഥാനത്തും തോട്ടപ്പുഴശ്ശേരി മൂന്നാം സ്ഥാനത്തുമെത്തി. എ, ബി ബാച്ചുകളിലായി 48 പള്ളിയോടങ്ങളാണ് മത്സരിച്ചത്. എ ബാച്ച് പള്ളിയോടങ്ങളുടെ ഫൈനലില്‍ ഇടശ്ശേരിമല, നെടുമ്പ്രയാര്‍, ഇടപ്പാവൂര്‍ പേരൂര്‍ എന്നീ പള്ളിയോടങ്ങളാണ് മത്സരിച്ചത്. ബി ബാച്ച് പള്ളിയോടങ്ങളുടെ ഫൈനല്‍ മത്സരത്തില്‍ തോട്ടപ്പുഴശ്ശേരി, ചെന്നിത്തല, ഇടക്കുളം, ഇടപ്പാവൂര്‍ പള്ളിയോടങ്ങളാണ് പങ്കെടുത്തത്.
ഉച്ചയ്ക്ക് ജലഘോഷയാത്രയോടെയാണ് ആറന്മുള ഉത്തൃട്ടാതി വള്ളംകളി ആരംഭിച്ചത്. ജലഘോഷയാത്രയില്‍ 51 പള്ളിയോടങ്ങള്‍ ആണ് പങ്കെടുത്തത്. മന്ത്രി വീണാ ജോര്‍ജ് ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. മന്ത്രി സജി ചെറിയാന്‍ ജലോത്സവം ഉദ്ഘാടനം നിര്‍വഹിച്ചു. മത്സര വള്ളംകളിക്കിടെ രണ്ട് പള്ളിയോടങ്ങള്‍ മറിഞ്ഞത് ആശങ്ക ഉയർത്തിയിരുന്നു. എന്നാല്‍ ഉടനെ രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ വലിയ ദുരന്തം ഒഴിവായി.