ആപ്പിളിന്റെ ഉത്പന്നങ്ങള്‍ക്ക് പൂര്‍ണ വിലക്കേര്‍പ്പെടുത്താനൊരുങ്ങി ചൈനീസ് ഭരണകൂടം. രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍ ഏജന്‍സികളും, സര്‍ക്കാറിന്റെ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ഇതു സംബന്ധിച്ച മുന്നറിയിപ്പ് നല്‍കി.
ജീവനക്കാര്‍ ഓഫീസുകളില്‍ ഐഫോണുകളും, മറ്റ് വിദേശ ഉപകരണങ്ങളും കൊണ്ടുവരാന്‍ പാടില്ലെന്നാണ് നിര്‍ദ്ദേശം. വിദേശ സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നത് പരമാവധി കുറയ്ക്കുന്നതിന്റെയും തദ്ദേശീയമായി നിര്‍മ്മിച്ച സാങ്കേതികവിദ്യകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിന്റെയും ഭാഗമായാണ് പുതിയ നടപടി.
ചൈനയിലെ മുഴുവന്‍ ബാങ്കുകളോടും തദ്ദേശീയമായി നിര്‍മ്മിച്ച സോഫ്റ്റ്വെയര്‍ ഉപയോഗിക്കാന്‍ ഇതിനോടകം തന്നെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ, സര്‍ക്കാര്‍ ജീവനക്കാര്‍ നിര്‍ബന്ധമായും ചൈനീസ് ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ ഉപയോഗിക്കണം. വിവിധ മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ജോലിക്കിടെ ഐഫോണുകള്‍ ഉപയോഗിക്കരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഉത്പ്പാദന രംഗത്ത് ചൈനയെ ആശ്രയിക്കുന്നത് പൂര്‍ണമായി കുറയ്ക്കാന്‍ ആപ്പിള്‍ തീരുമാനിച്ചിട്ടുണ്ട്. നിലവില്‍, ഇന്ത്യ, വിയറ്റ്‌നാം ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് ഉല്‍പ്പാദന ജോലികള്‍ ആപ്പിള്‍ വ്യാപിപ്പിച്ചിട്ടുണ്ട്