കോട്ടയം: ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇടുക്കി ഇരട്ടയാര്‍ സ്വദേശിനിയായ ആന്‍മരിയ (17) വിടവാങ്ങി. ഇടുക്കി കട്ടപ്പനയില്‍ നിന്ന് ആംബുലന്‍സില്‍ ആന്‍ മരിയയെ എറണാകുളത്തേക്ക് എത്തിച്ചപ്പോള്‍ ഒരു നാട് മുഴുവൻ ആൻമരിയയുടെ തിരിച്ചു വരവിനായി പ്രാർത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല. ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
എറണാകുളം അമൃത ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ആന്‍ മരിയ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ജൂണ്‍ 1നാണ് കുട്ടിയെ അടിയന്തര ചികിത്സക്കായി എറണാകുളത്തേക്ക് എത്തിച്ചത്. പിന്നീട് ജൂലൈ മാസത്തില്‍ കോട്ടയം കാരിത്താസിലേക്ക് കുട്ടിയെ മാറ്റിയിരുന്നു.
വെറും 2 മണിക്കൂര്‍ 45 മിനിറ്റ് കൊണ്ടാണ് കട്ടപ്പനയില്‍ നിന്ന് എറണാകുളത്തെ അമൃത ആശുപത്രിയില്‍ കുട്ടിയെ ആംബുലന്‍സില്‍ എത്തിച്ചത്. കട്ടപ്പനയില്‍ നിന്നും യാത്ര തുടങ്ങിയ ആംബുലന്‍സിന് വഴിയൊയൊരുക്കാന്‍ നാടും കേരള പൊലീസും മറ്റ് അധികൃതരും കൈകോർത്തു. മന്ത്രി റോഷി അഗസ്റ്റിന്‍ അടക്കമുള്ളവര്‍ ആന്‍ മരിയയുടെ വിദഗ്ധ ചികിത്സയ്ക്കായി സഹായമൊരുക്കാന്‍ രംഗത്തുണ്ടായിരുന്നു. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് ഇരട്ടയാര്‍ സെന്റ് തോമസ് പള്ളിയില്‍ നടക്കും.