കോതമംഗലം : പോത്താനിക്കാട് സെന്റ് മേരീസ് ഹൈസ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനി എയ്ഞ്ചൽ രാജക്ക് പിതാവിന്റെ പരിശീലന മികവിൽ കരാട്ടേയിൽ വെങ്കല മെഡൽ നേട്ടം.ജൂലൈ 15ന് മൈസൂരിൽ നടന്ന ദേശീയ ഷിറ്റോറിയു കരാട്ടെ ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി മത്സരിച്ച് വ്യക്തിഗത കുമിത്തെ ഇനത്തിൽ വെങ്കലമെഡൽ നേടി ഈ കൊച്ചു മിടുക്കി.ഇതോടെ സെപ്റ്റംബറിൽ ഇന്തോനേഷ്യയിൽ നടക്കുന്ന ലോക ഷിറ്റോറിയു കരാത്തെ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള യോഗ്യതയും നേടി. 2020 ജൂണിൽ ഒരു മിനിറ്റിൽ 96 പുഷ് അപ്പ് എടുത്ത് ഹൈറേഞ്ച് ബുക് ഓഫ് വേൾഡ് റെക്കോഡ്‌സിൽ എയ്ഞ്ചൽ ഇടം നേടിയിരുന്നു.
എട്ടുവർഷമായി പരിശീലകനായ അച്ഛൻ രാജാ തോമസിന്റെ ശിക്ഷണത്തിൽ പതിമൂന്നുകാരി എയ്ഞ്ചൽ കരാട്ടെ പഠിക്കുന്നുണ്ട്. കൂടുതൽ പഠനത്തിനായി അച്ഛനും മകളും പരിശീലകനും ഷിമ്പൂക്കാൻ ഇന്ത്യൻ ചീഫുമായ രഞ്ജിത്ത് ജോസിന്റെ കീഴിൽ തീവ്ര പരിശീലനം നടത്തുന്നുണ്ട്. കരാട്ടെയിൽ തേർഡ് ഡാനായ രാജ പോത്താനിക്കാട് ഷിമ്പൂക്കാൻ കരാട്ടെ സ്‌കൂൾ നടത്തുകയാണ്. മകൾ എയ്്ഞ്ചൽ ഫസ്റ്റ് ഡാൻ ആണ്. പഞ്ചകർമ തെറാപ്പിസ്റ്റ്, യോഗപരിശീലനം തുടങ്ങിയവയും രാജ നടത്തുന്നുണ്ട്. അമിക്കാട്ടുകുടിയിൽ വീട്ടിൽ ലീനയാണ് എയ്ഞ്ചലിന്റെ അമ്മ. ഇരട്ടകളും മൂന്നാം ക്ലാസ് വിദ്യാർഥികളുമായ ആൻ രാജ, അനു രാജ, ഒന്നാം ക്ലാസ് വിദ്യാർഥി അലൻ രാജ എന്നിവർ എയ്ഞ്ചലിന്റെ സഹോദരങ്ങളാണ്.