ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിനെ തുടര്‍ന്ന് മുന്‍ മന്ത്രി ബന്ദാരു സത്യനാരായണ മൂർത്തി അറസ്റ്റിൽ.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിക്കും മന്ത്രി ആര്‍കെ റോജയ്ക്കുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി) നേതാവും മുന്‍ മന്ത്രിയുമായ ബന്ദാരു സത്യനാരായണ മൂര്‍ത്തിയെ പോലീസ് അറസ്റ്റ് ചെയ്തു.
കനത്ത പോലീസ് സുരക്ഷയിലാണ് മുന്‍ മന്ത്രിയെ അറസ്റ്റ് ചെയ്തത്. ആന്ധ്രായിലെ ഗുണ്ടൂര്‍ ജില്ലയിലെ നാഗര പാലം പോലീസ് സ്റ്റേഷനില്‍ മൂര്‍ത്തിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
അനകപ്പള്ളി ജില്ലയിലെ വെണ്ണേലപാലം ഗ്രാമത്തിലുള്ള മൂര്‍ത്തിയുടെ വസതിയില്‍ തിങ്കളാഴ്ച രാത്രിയാണ് ഗുണ്ടൂര്‍ പോലീസ് സംഘം നോട്ടീസ് നല്‍കാനും അറസ്റ്റ് ചെയ്യാനുമായി എത്തിയത്. മൂര്‍ത്തി ഏറെ നേരം വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് പോലീസ് സംഘം വാതില്‍ തകര്‍ത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മുന്‍ മന്ത്രിയെ ഗുണ്ടൂരിലേക്ക് കൊണ്ടുപോയി. ആന്ധ്രപ്രദേശ് ഹൈക്കോടതിയിലാണ് മൂര്‍ത്തി മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
അതേസമയം, പ്രതിപക്ഷ പാര്‍ട്ടിയിലെ രാഷ്ട്രീയ നേതാക്കളോടുള്ള വിവേചനം ചൂണ്ടിക്കാട്ടി ടിഡിപി നേതാവും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ എന്‍ ചന്ദ്രബാബു നായിഡുവിന്റെ മകനായ നാരാ ലോകേഷ് മൂര്‍ത്തിയുടെ അറസ്റ്റിനെ അപലപിച്ചു.
വൈഎസ്ആര്‍സിപി (വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി) സര്‍ക്കാരിന് ഒരു നിയമവും, പ്രതിപക്ഷത്തിന് മറ്റൊരു നിയമവുമെന്ന് ലോകേഷ് പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.