കെ എം ഷാജിയില്‍ നിന്നും വിജിലന്‍സ് പിടിച്ചെടുത്ത തുക തിരിച്ചുനല്‍കണം; ഹൈക്കോടതി

Breaking Kerala

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനകേസിൽ മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിയിൽ നിന്നും വിജിലന്‍സ് പിടിച്ചെടുത്ത പണം തിരിച്ചു നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. കണ്ണൂര്‍ അഴിക്കോട്ടെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത 47 ലക്ഷം രൂപ തിരികെ നല്‍കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. പകരം കെഎം ഷാജി ബാങ്ക് ഗ്യാരണ്ടി നല്‍കണമെന്നും കോടതി വ്യക്തമാക്കി.

അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു അനുവദിക്കാനായി കെഎം ഷാജി 25 ലക്ഷം രൂപ കോഴവാങ്ങിയെന്ന കേസിലായിരുന്നു വിജിലന്‍സിന്റെ റെയ്ഡ്. പിടിച്ചെടുത്ത തുക തിരഞ്ഞെടുപ്പ് ഫണ്ട് ആണെന്നാണ് കെഎം ഷാജിയുടെ വാദം. പണം തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കെഎം ഷാജി ആദ്യം കോഴിക്കോട് പ്രത്യേക വിജിലന്‍സ് കോടതിയെ സമീപിച്ചു. എന്നാല്‍ പണം വിട്ടുനല്‍കാനുള്ള ഹര്‍ജി പ്രത്യേക വിജിലന്‍സ് കോടതി തള്ളുകയായിരുന്നു. ഈ നടപടിക്കെതിരെയാണ് കെഎം ഷാജി ഹൈക്കോടതിയെ സമീപിച്ചത്. അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് കെഎം ഷാജിക്ക് എതിരായ ആക്ഷേപം.

Leave a Reply

Your email address will not be published. Required fields are marked *