ഹേമ കമ്മിറ്റി റിപ്പോർട്ടിന് തുടർന്നുണ്ടായ പ്രതിസന്ധിയെ അതിജീവിക്കാൻ ആകാതെ താര സംഘടനയായ എഎംഎംഎ രാജിവെച്ചിരിക്കുന്നു. പ്രസിഡന്റ് മോഹൻലാൽ ഉൾപ്പടെ മുഴുവൻ ഭാരവാഹികളുമാണ് രാജിവെച്ചത് . ഇന്ന് ചേർന്ന ഓൺലൈൻ യോഗത്തിലാണ് ഭരണസമിതി പിരിച്ചുവിടാൻ തീരുമാനിച്ചത് . ഒന്നര മാസം മുൻപ് ചുമതലയേറ്റ ഭരണസമിതിയാണ് പടിയിറങ്ങിയത് . ഭാരവാഹികൾക്കെതിരെയുള്ള ലൈംഗിക ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടാണ് രാജി. യുവനടി പീഡന ആരോപണത്തിനുപിന്നാലെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും സിദ്ദിഖ് രാജിവെച്ചിരുന്നു. സംഘടനാ പ്രസിഡന്റ് മോഹൻലാലിന് സിദ്ദിഖ് ഇമെയിലായി രാജിക്കത്ത് സമർപ്പിച്ചത്. പിന്നാലെ ആക്ടിങ് ജനറല്‍ സെക്രട്ടറിയായ ബാബുരാജിനെതിരെ മുന്‍ ജൂനിയര്‍ ആര്‍ടിസ്റ്റ് ലൈംഗിക പീഡന പരാതിയും നല്‍കി. താരങ്ങള്‍ അമ്മയില്‍ നല്‍കിയ പരാതികള്‍ ഉള്‍പ്പടെ പരിഹരിക്കുന്നതില്‍ ഗുരുതര വീഴ്ച സംഘടനയ്ക്ക് സംഭവിച്ചുവെന്ന് അംഗങ്ങളില്‍ നിന്ന് തന്നെ വിമര്‍ശനമുയര്‍ന്നു. അമ്മ ശക്തമായ നിലപാടെടുക്കണമെന്ന് ഉര്‍വശിയും, ജഗദീഷും അമ്മയ്ക്ക് വീഴ്ച സംഭവിച്ചുവെന്ന് പൃഥ്വിരാജും മാധ്യമങ്ങളോട് പറഞ്ഞു. ശ്വേത മേനോനടക്കമുള്ളവരും പരസ്യമായി രംഗത്തെത്തി. റിപ്പോർട്ടിനെക്കുറിച്ച് മോഹൻലാൽ പ്രതികരിക്കാത്തതിനെതിരേയും വിമർശനമുയർന്നു. നടിമാർക്കുണ്ടായ ദുരനുഭവങ്ങളിൽ താരസംഘടനയുടെ അലംഭാവം ചോദ്യം ചെയ്യപ്പെടുകയും അമ്മ അംഗത്വത്തിനടക്കം നടിമാർ വിട്ടുവീഴ്ച ചെയ്യേണ്ടിവരുന്നുണ്ടെന്ന ആരോപണവും ഉയർന്നു വന്നു. അമ്മയുടെ നേതൃത്വം മുഴുവൻ മാറണമെന്നും സ്ത്രീകൾക്ക് മേൽക്കൈയുള്ള ഒരു നേതൃത്വം വരണമെന്ന തരത്തിലും ചർച്ചകൾ വന്നു. ഇതോടെ താരസംഘടന കടുത്ത സമ്മർദത്തിലായി. ഇപ്പോഴത്തെ സമ്മർദ്ദത്തെ അതിജീവിക്കാൻ ആകാതെ സംഘടന ഒന്നടങ്കം പുറത്തേക്ക് പോവുകയും ചെയ്തു.