ദുബായ്- ചെങ്കടലില്‍ ഹൂത്തികള്‍ ഡ്രോണ്‍ ഉപയോഗിച്ച് വീണ്ടും ആക്രമണം നടത്തി. അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്.അമേരിക്കയുടെയും ബ്രിട്ടന്റെയും കപ്പലുകള്‍ തകര്‍ത്തതായി ഹൂത്തികള്‍ അവകാശപ്പെട്ടിരുന്നു. ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഹൂത്തികള്‍ ആക്രമണം നടത്തുന്നത്.
ഇന്നലെ (ചൊവ്വാഴ്ച) നടന്ന ആദ്യ ആക്രമണം അമേരിക്കന്‍ കപ്പലായ സ്റ്റാര്‍ നാസിയക്കിന് നേരെയായിരുന്നു. ഈ കപ്പല്‍ അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നതായിരുന്നു. മറ്റൊന്ന് ബ്രിട്ടീഷ് കപ്പലായ മോണിംഗ് ടൈഡിനെ ലക്ഷ്യമിട്ടായിരുന്നുവെന്നും ഹൂതി വക്താവ് യഹ്യ ഇന്നലെ രാവിലെ വ്യക്തമാക്കി.അതേസമയം, ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് കപ്പല്‍ അധികൃതര്‍ വ്യക്തമാക്കി. കപ്പലും ജീവനക്കാരും സുരക്ഷിതരാണെന്നും കപ്പല്‍ യാത്ര തുടരുകയാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.