ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളെ ഷോപ്പിങിനായി ജനങ്ങൾ അമിതമായി ആശ്രയിക്കുന്ന കാലമാണ് ഇപ്പോളുള്ളത്. ചെറുതോ വലുതോ ആയ എല്ലാ പർച്ചേസുകളും നമ്മൾ നൊടിയിടയിൽ ഓൺലൈനിലൂടെ നടത്താറുണ്ട്. അത്തരത്തിൽ നമ്മുടെ ഷോപ്പിംഗ് സംസ്കാരം അപ്പാടെ മാറിമറിഞ്ഞിരിക്കെ അവയിലെ ചതിക്കുഴികളും നമ്മൾ കാണാതിരുന്നുകൂടാ. ഓണലൈൻ ഷോപ്പിങ്ങിനിടെ പണം നഷ്ടപ്പെടുന്നവരും ഹാക്കിങ്ങിന് വിധേയരാകുന്നവരും നിരവധിയാണ്. എംഎൻസി മുതൽ ഇടത്തരം കമ്പനികളുടെ വെബ്‌സൈറ്റുകൾ ഹാക്കർമാർ ഇത്തരം തട്ടിപ്പുകൾക് ഉപയോഗിക്കാറുമുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ഉപഭോക്താവിനോട് ഉത്തരം പറയേണ്ട ബാധ്യത ഷോപ്പിംഗ് സൈറ്റുകൾക്കുമുണ്ട്.ഇത്തരത്തിൽ പണം നഷ്ടപ്പെട്ട ഉപഭോക്താവിന് പണം തിരിച്ചുകൊടുക്കാത്തതിനാൽ ആമസോണിനെ ഫൈനടപ്പിച്ചിരിക്കുകയാണ് കോടതി. ആമസോണിന്റെ സൈറ്റിൽ കയറി ഹാക്കർമാർ പണം തട്ടിയ കേസിലാണ് പരാതിക്കാരിയായ യുവതിയ്ക്ക് നഷ്ടപ്പെട്ട പണവും കൂടെ പിഴത്തുകയും ലഭിച്ചത്.
ചണ്ഡീഗഡിൽ താമസിക്കുന്ന സുമിത ദാസ് എന്ന യുവതിയുടെ പണമാണ് ഹാക്കർമാർ മോഷ്‌ടിച്ചത്. 2023 സെപ്റ്റംബറിലാണ് സംഭവം നടക്കുന്നത്. സുമിതയുടെ ആമസോൺ അക്കൗണ്ടിൽ നുഴഞ്ഞുകയറിയ ഹാക്കർമാർ നിരവധി പർച്ചേസുകൾ നടത്തി. ശേഷം സുമിതയുടെ ഇമെയിലിന്റെയും ക്രെഡിറ്റ് കാർഡിന്റെയും അക്സസ്സ് നേടിയെടുത്തു. 40000 രൂപയാണ് സുമിതയ്ക്ക് നഷ്ടപ്പെട്ടത്. പണം നഷ്ടപ്പെട്ട കാര്യം സുമിത ആമസോണിന്റെ അറിയിച്ചെങ്കിലും കമ്പനി ആ ട്രാൻസാക്ഷൻ ക്യാൻസൽ ചെയ്തില്ല എന്നാണ് ആരോപണം. ശേഷം നഷ്ടപ്പെട്ട പണം റീഫണ്ട് ചെയ്യാമെന്ന് ആമസോൺ പറഞ്ഞെങ്കിലും, പിന്നീട് അവർ ആ വാഗ്ദാനം പാലിച്ചില്ല എന്നും സുമിത പരാതിയിൽ പറയുന്നു.