കൊച്ചി: ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകത്തിൽ മുപ്പത് ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കും. ഡിജിപി അന്വേഷണ പുരോഗതി വിലയിരുത്തി. പ്രതി അസ്ഫാക് ദില്ലിയിൽ പീഡിപ്പിച്ച കുട്ടിയുടെ പിതാവിൻ്റെ മൊഴിയെടുത്തു. ദില്ലിയിലെ പോക്സോ കേസ് വിവരങ്ങൾ കോടതിയെ അറിയിക്കും. ബിഹാറിൽ കഴിയുന്ന അസ്ഫാക്കിൻ്റെ പിതാവിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. പ്രതിയുടെ പൂർവ്വകാല കുറ്റകൃത്യങ്ങൾ പരിശോധിച്ചു. അന്വേഷണ സംഘം ഉടൻ കേരളത്തിലേക്ക് മടങ്ങും. പ്രതി അസ്ഫാക്കിനെ അന്തിമമായി ചോദ്യം ചെയ്യുന്നത് ഇന്ന് പൂർത്തിയാക്കും. പ്രതിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.
ആലുവാ കേസിൽ പ്രതി അസ്ഫാക് ക്രൂരമായ പീഡനത്തിന് വിധേയമാക്കിയ ശേഷമാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുട്ടിയുടെ ശരീരത്തിൽ 52 മുറിവുകൾ ഉണ്ടായിരുന്നു, കഴുത്ത് മുറുക്കിയാണ് കൊലപാതകം. ആലുവയിലെ അഞ്ച് വയസുകാരിയെ പ്രതി അസ്ഫാക്ക് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ആലുവ മാർക്കറ്റിന് പിന്നിലുള്ള പുഴയുടെ തീരത്തെ മണൽ തിട്ടയിൽ അസ്ഫാക് ഒന്നിലധികം തവണ പോയിട്ടുണ്ട്. ഇതിന് ശേഷമായിരുന്നു ആളൊഴിഞ്ഞ സമയം നോക്കി കുട്ടിയെ ഇവിടെ എത്തിച്ചതും ക്രൂരമായ പീഡനത്തിന് വിധേയമാക്കിയതും കൊലപ്പെടുത്തിയതും എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.