ഇനി ആരാണ് ക്യാപ്റ്റന്‍ വിജയകാന്തിനെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തണം: അല്‍ഫോന്‍സ് പുത്രന്‍

Cinema

സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായും സഹപ്രവര്‍ത്തകരുമായും സജീവമായി സംവദിക്കുന്ന സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍.അല്‍ഫോന്‍സ് പുത്രന്റെ പോസ്റ്റുകള്‍ പലതും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ നടന്‍ അജിത്കുമാറിനു വേണ്ടി അല്‍ഫോന്‍സ് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. നടന്‍ നിവിന്‍ പോളിയില്‍ നിന്നും അജിത്തിന്റെ മാനേജര്‍ സുരേഷ് ചന്ദ്രയില്‍ നിന്നും അജിത് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ പോകുന്നു എന്ന് കേട്ടിരുന്നു, എന്നാല്‍ ഇതുവരെ പൊതുരംഗത്തും രാഷ്ട്രീയ മുന്നണിയിലും അജിത്തിനെ കണ്ടിട്ടില്ല. അതിനു പരസ്യമായി ഒരു കത്ത് മുഖേന തനിക്ക് അജിത്തില്‍ നിന്ന് ഒരു വിശദീകരണം ആവശ്യമാണെന്നും അല്‍ഫോന്‍സ് പുത്രന്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

അല്‍ഫോന്‍സ് പുത്രന്റെ വാക്കുകള്‍:

”ഇത് അജിത് കുമാര്‍ സാറിനുള്ളതാണ്. നിവിന്‍ പോളിയില്‍ നിന്നും സുരേഷ് ചന്ദ്രയില്‍ നിന്നും നിങ്ങള്‍ രാഷ്ട്രീയത്തിലേക്ക് കടക്കാന്‍ പോകുന്നു എന്ന് കേട്ടു. പ്രേമം ഫീച്ചര്‍ ഫിലിമിലെ നിവിന്‍ പോളിയുടെ പ്രകടനം നിങ്ങളുടെ മകള്‍ അനൗഷ്‌കയ്ക്ക് ഇഷ്ടപ്പെട്ടതിനാല്‍ നിങ്ങള്‍ നിവിന്‍ പോളിയെ വീട്ടിലേക്ക് വിളിച്ച്‌ സംസാരിച്ചു. പക്ഷേ ഇതുവരെ പൊതുരംഗത്തും രാഷ്ട്രീയ മുന്നണിയിലും ഞാന്‍ നിങ്ങളെ കണ്ടിട്ടില്ല. ഒന്നുകില്‍ അവര്‍ എന്നോട് കള്ളം പറഞ്ഞു അല്ലെങ്കില്‍ നിങ്ങള്‍ അത് മറന്നു അല്ലെങ്കില്‍ നിങ്ങള്‍ക്ക് എതിരായി ആരെങ്കിലും ഉണ്ട്. മേല്‍പ്പറഞ്ഞ മൂന്നും അല്ലാത്ത പക്ഷം, പരസ്യമായി ഒരു കത്ത് മുഖേന എനിക്ക് നിങ്ങളില്‍ നിന്ന് ഒരു വിശദീകരണം ആവശ്യമാണ്. കാരണം ഞാന്‍ നിങ്ങളെ വിശ്വസിക്കുന്നു, പൊതുജനങ്ങള്‍ നിങ്ങളെ വിശ്വസിക്കുന്നു.”- അല്‍ഫോന്‍സ് പുത്രന്‍ കുറിച്ചു.

ഈയടുത്ത് തന്റെ സിനിമ കരിയര്‍ അവസാനിപ്പിക്കുന്നുവെന്ന് അല്‍ഫോന്‍സ് പുത്രന്‍ പ്രഖ്യാപിച്ചിരുന്നു. ‘ഞാന്‍ എന്റെ സിനിമാ തിയേറ്റര്‍ കരിയര്‍ അവസാനിപ്പിക്കുന്നു. എനിക്ക് ഓട്ടിസം സ്‌പെക്‌ട്രം ഡിസോര്‍ഡര്‍ എന്ന രോഗമാണെന്ന് കഴിഞ്ഞ ദിവസം സ്വയം കണ്ടെത്തി. ആര്‍ക്കും ബാധ്യതയാകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഹ്രസ്വചിത്രങ്ങളും വീഡിയോയും പാട്ടുകളും ചെയ്യുന്നത് തുടരും. ചിലപ്പോള്‍ അത് ഒ.ടി.ടി വരെ ചെയ്യും. സിനിമ ഉപേക്ഷിക്കുന്നത് ചിന്തിക്കാനാകില്ല, പക്ഷേ എനിക്കു വേറെ മാര്‍ഗമില്ല. എനിക്ക് പാലിക്കാന്‍ കഴിയാത്ത ഒരു വാഗ്ദാനം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആരോഗ്യം മോശമാകുമ്ബോള്‍ ഇന്റര്‍വല്‍ പഞ്ചില്‍ വരുന്നതുപോലുള്ള ട്വിസ്റ്റുകള്‍ ജീവിതത്തില്‍ സംഭവിക്കും’, എന്നുമാണ് അല്‍ഫോന്‍സ് പുത്രന്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചത്.

അന്തരിച്ച നടന്‍ വിജയകാന്തിന്റെ കൊലയാളി ആരാണെന്ന് കണ്ടത്തെണമെന്നും ഇല്ലെങ്കില്‍ അവരുടെ അടുത്ത ലക്ഷ്യം തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനോ ഉദയ നിധി സ്റ്റാലിനോ ആയിരിക്കുമെന്നും അല്‍ഫോന്‍സ് പുത്രന്‍ പങ്കുവച്ച മറ്റൊരു കുറിപ്പില്‍ പറയുന്നു. ”ഇത് ഉദയനിധി അണ്ണന് വേണ്ടിയാണ്. ഞാന്‍ കേരളത്തില്‍ നിന്ന് വന്ന് റെഡ് ജയന്റ് ഓഫീസില്‍ ഇരുന്ന് നിങ്ങളോട് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ പറഞ്ഞു. ഉരുക്കുവനിത ജയലളിതയെയും, കലൈഞ്ജറെയും കൊന്നത് ആരാണെന്ന് കണ്ടെത്തണമെന്നും ഞാന്‍ നിങ്ങളോട് ആവശ്യപ്പെട്ടു.

ഇനി ആരാണ് ക്യാപ്റ്റന്‍ വിജയകാന്തിനെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തണം. നിങ്ങള്‍ ഇത് അവഗണിക്കുകയാണെങ്കില്‍, അവര്‍ ഇന്ത്യന്‍ 2 സെറ്റില്‍ വച്ച്‌ സ്റ്റാലിന്‍ സാറിനെയും കമല്‍ സാറിനെയും കൊല്ലാന്‍ ശ്രമിച്ചു. നിങ്ങള്‍ ഇപ്പോള്‍ കൊലയാളികളുടെ പുറകെ പോകുന്നില്ലെങ്കില്‍, കൊലയാളികളുടെ അടുത്ത ലക്ഷ്യം നിങ്ങളോ സ്റ്റാലിനോ ആണ്. നേരം ഹിറ്റായതിന് എനിക്ക് ഒരു സമ്മാനം നല്‍കിയത് നിങ്ങള്‍ ഓര്‍ക്കുന്നോ. നിങ്ങള്‍ ഒരു ഐഫോണ്‍ സെന്ററിലേക്ക് വിളിച്ചു,15 മിനിറ്റിനുള്ളില്‍ എനിക്ക് ഒരു ബ്ലാക്ക് കളര്‍ ഐഫോണ്‍ ലഭിച്ചു. ഉദയനിധി അണ്ണന്‍ അത് ഓര്‍ക്കുമെന്ന് കരുതുന്നു. കൊലയാളികളെയും അവരുടെ ലക്ഷ്യത്തെയും കണ്ടെത്തുന്നത് അതിലും ലളിതമാണ്.”- അല്‍ഫോന്‍സ് കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *