ഒക്ക്യുപ്പെഷണല്‍ തെറാപ്പിയില്‍ എ.ഐ സാദ്ധ്യതകള്‍ തുറന്നിട്ട് ഓറ്റികോണ്‍ 2024

Kerala

കൊച്ചി: ഓള്‍ ഇന്ത്യ ഒക്ക്യുപ്പെഷണല്‍ തെറാപ്പിസ്റ്റ് അസോസിയേഷന്റെ അറുപത്തിയൊന്നാം വാര്‍ഷിക സമ്മേളനമായ ഓറ്റികോണ്‍ 2024ല്‍ ഒക്ക്യുപ്പെഷണല്‍ തെറാപ്പി രംഗത്തെ ഏറ്റവും പുതിയ ട്രെന്‍ഡുകളായ എ.ഐ അധിഷ്ഠിത ഒക്കുപ്പേഷണല്‍ തെറാപ്പി രീതികളുടെ ചര്‍ച്ച ശ്രദ്ധേയമായി. അക്കാദമിക് കൗണ്‍സില്‍ ഓഫ് ഒക്ക്യുപ്പെഷണല്‍ തെറാപ്പിയുടെ (ACOT) പ്രീ-കോണ്‍ഫറന്‍സ് കണ്ടിന്യൂയിങ് ഒക്ക്യുപ്പെഷണല്‍ തെറാപ്പി എഡ്യൂക്കേഷന്‍ (COTE) എറണാകുളം എംപി ഹൈബി ഈഡന്‍ ഉദ്ഘാടനം ചെയ്തു.

അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവരെയും അവശരെയും സാധാരണ ജീവിതത്തിലേക്കും അവരുടെ ജോലിയിലേക്കും മടങ്ങിവരാന്‍ സഹായിക്കുന്ന സ്തുത്യര്‍ഹ സേവനമാണ് ഒക്ക്യുപ്പെഷണല്‍ തെറാപ്പിസ്റ്റുകള്‍ നിര്‍വഹിക്കുന്നതെന്ന് ഹൈബി ഈഡന്‍ പറഞ്ഞു. പ്രായാധിക്യമുള്ളവരില്‍ മാത്രമല്ല, ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ പോലെയുള്ള അവസ്ഥകളുള്ള കുട്ടികള്‍ക്കും മസ്തിഷ്‌കാഘാതം, റോഡപകടങ്ങള്‍ എന്നിവയിലൂടെ കടന്നുപോയവര്‍ക്കും ഒരേപോലെ അനുഗ്രഹമാണ് ഒക്ക്യുപ്പെഷണല്‍ തെറാപ്പിയെന്നും അദ്ദേഹം പറഞ്ഞു. നാട് വികസിക്കുമ്പോള്‍ ഇത്തരം പരിമിതികളിലൂടെ കടന്നുപോകുന്നവരെക്കൂടി ചേര്‍ത്ത് പിടിച്ച്, അവര്‍ക്കാവശ്യമായ സൗകര്യങ്ങളും ഒരുക്കിനല്‍കണം. അതിന് ഒക്ക്യുപ്പെഷണല്‍ തെറാപ്പി ഒരു ജീവിതലക്ഷ്യമായി തെരെഞ്ഞെടുത്തവരെ അദ്ദേഹം അഭിനന്ദിച്ചു.

KMCT ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിങ് ട്രസ്റ്റിയുമായ ഡോ. നവാസ് കെ.എം, NIPMR എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സി. ചന്ദ്രബാബു എന്നിവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായിരുന്നു. AIOTA പ്രസിഡന്റ് ഡോ. അനില്‍ കുമാര്‍ ശ്രീവാസ്തവ, കേരള ഒക്ക്യുപ്പെഷണല്‍ തെറാപ്പിസ്റ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജോസഫ് സണ്ണി, ACOT ഡീന്‍ ഡോ. ജ്യോതിക ബിജ്ലാനി എന്നിവര്‍ സന്നിഹിതരായിരുന്നു.

കലൂരിലുള്ള ഗോകുലം പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്ററിലാണ് സമ്മേളനം നടക്കുന്നത്. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനം നാളെ (21ന്) സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *