കൊച്ചി: പ്രമുഖ പൈപ്പ് ഫിറ്റിംഗ് കമ്പനിയായ അലിയാക്സിസ് ഇന്ത്യയുടെ (ആശീർവാദ് പൈപ്പ്സ്) ഡിവിഷണൽ സി.ഇ.ഒ ആയി അരവിന്ദ് ചന്ദ്ര ചുമതലയേറ്റു. 30 വർഷമായി ബിസിനസ് രംഗത്ത് പ്രവർത്തിച്ചു വരുന്ന അരവിന്ദ് ഓട്ടോമോട്ടീവ് മേഖലയിലെ വമ്പന്മാരായ മിൻഡ കോർപ്പറേഷന്റെ സി.ഇ.ഒ സ്ഥാനത്ത് നിന്നാണ് ആശീർവാദ് പൈപ്പ്സിന്റെ നേതൃനിരയിലേക്ക് എത്തുന്നത്. ഇക്കാലയളവിൽ മിൻഡയുടെ ഓഹരി വിപണി മൂല്യത്തിൽ 400 ശതമാനത്തിലധികം വർധനവാണ് ഉണ്ടായത്.
മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിംഗിൽ ബി.എസ് ബിരുദവും ഒക്‌ലഹോമ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗിൽ എം.എസ് ബിരുദവും നേടിയിട്ടുള്ള അരവിന്ദ് മിഷിഗൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം.ബി.എയും കരസ്ഥമാക്കിയിട്ടുണ്ട്. ടൊയോട്ട, ഇസഡ്.എഫ് വാബ്കോ, ബോർഗ് വാർണർ – ഫിനിയ, ഫോർവിയ തുടങ്ങിയ പ്രമുഖ സാങ്കേതിക കമ്പനികളുടെ നേതൃനിരയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
അലിയാക്സിസിന്റെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യയെന്നും അരവിന്ദ് ചന്ദ്രയുടെ നേതൃപാടവത്തിന് കീഴിൽ ഇന്ത്യൻ വിപണിയിൽ പുതിയ അധ്യായം രചിക്കാൻ കഴിയുന്നതിൽ വലിയ സന്തോഷമുണ്ടെന്നും അലിയാക്സിസ് സി.ഇ.ഒ എറിക് ഓൽസൻ പറഞ്ഞു. അലിയാക്സിസിനൊപ്പം ഇന്ത്യ നേരിടുന്ന ജലദൗർലഭ്യം എന്ന വലിയൊരു വെല്ലുവിളിയെ നേരിടാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്ന് അരവിന്ദ് ചന്ദ്ര കൂട്ടിച്ചേർത്തു. അലിയാക്സിസ് ഇന്ത്യയുടെ ഡിവിഷണൽ സി.ഇ.ഒ സ്ഥാനത്തിന് പുറമേ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയാണ് അരവിന്ദ്.