ആലപ്പുഴ: ആലപ്പുഴയിൽ കരിങ്കൊടി പ്രതിഷേധക്കാരെ മർദിച്ച കേസിൽ കോടതിയുടെ നിർദേശപ്രകാരം മുഖ്യമന്ത്രിയുടെ ഗൺമാനെതിരെ പോലീസ് കേസെടുത്തത് കഴിഞ്ഞ ദിവസമാണ്.
ഗൺമാനെ കൂടാതെ 4 പേർ കൂടി കേസിൽ പ്രതികളാണ്. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിലും സെക്യൂരിറ്റി ഓഫീസർ സന്ദീപുമടക്കം അഞ്ച് പ്രതികളാണ് കേസിൽ.
മർദ്ദനമേറ്റ കെഎസ്‌യു ജില്ലാ പ്രസിഡന്റ് എഡി തോമസും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജൂവൽ കുര്യാക്കോസും നൽകിയ ഹർജിയിലാണ് ആലപ്പുഴ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. ഇതിനെ തുടർന്നാണ് പൊലീസ് കേസെടുക്കാൻ തയ്യാറായത്. സംഭവത്തിൽ മര്‍ദ്ദനമേറ്റവരുടെ വിശദമായ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. ഇവരോട് തെളിവുകൾ ഹാജരാക്കാനും ആവശ്യപ്പെടും. ഇതിന് ശേഷം മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ അടക്കമുള്ള പ്രതികൾക്ക് നോട്ടീസ് നൽകും.
കേസിൽ ഗൺമാൻ അനിലാണ് ഒന്നാം പ്രതി. സെക്യൂരിറ്റി ഓഫീസര്‍ സന്ദീപ് രണ്ടാം പ്രതിയാണ്. കണ്ടാലറിയാവുന്ന മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരാണ് മറ്റ് മൂന്ന് പ്രതികൾ. ഇവരെ ചോദ്യം ചെയ്യാൻ സർക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമില്ലെന്ന് പൊലീസ് പറയുന്നു.