ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷൻ മാസ്റ്ററെ സസ്പെൻഡ് ചെയ്തു. സ്റ്റേഷൻ മാസ്റ്റർ കെ എസ് വിനോദിനെയാണ് സസ്പെൻഡ് ചെയ്തത്. ട്രെയിൻ കോച്ചുകളുടെ ഷണ്ടിങ്ങിൽ പിഴവ് സംഭവിച്ചതിനെ തുടർന്ന് ട്രെയിനുകൾ വൈകിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി.
ഷണ്ടിങ്ങിനിടെ ആലപ്പുഴ സ്റ്റേഷനിലെ മൂന്നു ട്രാക്കിലും കോച്ചുകൾ ഇട്ടതിനാൽ ട്രെയിനുകൾക്ക് ട്രാക്കിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല. ഇതുമൂലം ധൻബാദ് എക്സ്പ്രസ് ഒന്നര മണിക്കൂർ വൈകി, ഏറനാട്, എറണാകുളം പാസഞ്ചർ എന്നിവയും പിടിച്ചിട്ടു. ആലപ്പുഴ വഴിയുള്ള ട്രെയിനുകൾ വൈകി. ഷണ്ടിങ്ങിന്റെ സമയത്ത് ലെവൽ ക്രോസ് അടച്ചില്ലെന്നും പരാതിയുണ്ട്.