മഹാരാഷ്ട്രയിൽ എൻസിപി പിളർന്നു; അജിത് പവാർ ഉപമുഖ്യമന്ത്രി, ഒൻപത് പേർ ഷിൻഡെ മന്ത്രിസഭയിലേക്ക്

National

മഹാരാഷ്ട്ര എൻസിപിയെ പിളർത്തി അജിത് പവാറും അദ്ദേഹത്തെ അനുകൂലിക്കുന്ന എംഎൽഎമാരും ഏകനാഥ് ഷിൻഡെ സർക്കാരിലേക്ക്. എൻസിപി നേതാവും പ്രതിപക്ഷ നേതാവുമായ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി ഏകനാഥ് ഷിൻഡെ മന്ത്രിസഭയിൽ ഉടൻ സത്യപ്രതിജ്ഞ ചെയ്യും. 29 എംഎൽഎമാരെയും ഒപ്പം നിർത്തിയാണ് അജിത് പവാറിന്റെ നിർണായക നീക്കം. ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാ‌വിസിനൊപ്പമാണ് അജിത് പവാർ രാജ്ഭവനിലെത്തിയത്. സംസ്ഥാനത്തെ ആകെയുള്ള 53 എൻസിപി എംഎൽഎമാരിൽ 29 പേരും അജിത് പവാറിനൊപ്പമാണെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

ഛഗൻ ഭുജ്ബൽ, ധനഞ്ജയ് മുണ്ടെ, ദിലീപ് വാൽസെ പാട്ടീൽ എന്നിവരുൾപ്പെടെ ഒമ്പത് എൻസിപി നേതാക്കൾ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയാനുള്ള ആഗ്രഹം അജിത് പവാർ പരസ്യമായി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ബിജെപിയെ പോലും ഞെട്ടിച്ചുകൊണ്ടുള്ള നീക്കം. ഇന്ന് രാവിലെ അജിത് പവാറിന്റെ മുംബൈയിലെ വസതിയിൽ എൻസിപി എംഎൽഎമാരിൽ ഒരു വിഭാഗം യോഗം ചേർന്നിരുന്നു. പാർട്ടി വർക്കിങ് പ്രസിഡന്റ് സുപ്രിയ സുലെ, മുതിർന്ന നേതാവ് ഛഗൻ ഭുജ്ബൽ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *