എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തിയ സംഭവത്തില്‍ ഖാലിസ്ഥാനി ഭീകരൻ ഗുര്‍പത്വന്ത് സിംഗ് പന്നൂനെതിരെ കേസെടുത്ത് എൻഐഎ.നവംബര്‍ 19-ന് എയര്‍ ഇന്ത്യ വിമാനങ്ങള്‍ പറക്കാൻ അനുവദിക്കില്ലെന്നും ജീവന് ആപത്തുണ്ടായേക്കുമെന്നതിനാല്‍ സിഖുകാര്‍ അന്ന് വിമാനയാത്ര ചെയ്യരുതെന്നുമായിരുന്നു ഭീഷണി.
ഐപിസി സെക്ഷൻ 120 ബി, 153 എ, 506, 1967 ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമത്തിലെ 10, 13, 16, 17, 18, 18 ബി, 20 എന്നീ വകുപ്പുകള്‍ പ്രകാരമാണ് എൻഐഎ പന്നൂനെതിരെ കേസെടുത്തിരിക്കുന്നത്. നവംബര്‍ 4 നാണ് സിഖ്സ് ഫോര്‍ ജസ്റ്റിസ് (എസ്‌എഫ്‌ജെ) സ്ഥാപകനും ഖാലിസ്ഥാനി ഭീകരനുമായ ഗുര്‍പത്വന്ത് സിംഗിൻ്റെ ഭീഷണി വീഡിയോ പുറത്തുവന്നത്.
ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം നവംബര്‍ 19-ന് അടഞ്ഞുകിടക്കുമെന്നും വിമാനത്താവളത്തിന് ഖാലിസ്ഥാൻ വിഘടനവാദി നേതാക്കളായ ബിയന്ത് സിംഗിൻ്റെയും സത്വന്ദ് സിംഗിൻ്റെയും പേരിടുമെന്നുമായിരുന്നു ഭീഷണി. സിഖ് വിഭാഗം നേരിടുന്ന അടിച്ചമര്‍ത്തലുകള്‍ക്ക് അന്നേ ദിവസം മറുപടി നല്‍കുമെന്നും വീഡിയോയില്‍ ഗുര്‍പത്വന്ത് പറഞ്ഞു.
ഹമാസ് നടത്തിയതുപോലെ ഇന്ത്യയില്‍ ആക്രമണം നടത്തുമെന്നും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം ആക്രമിക്കുമെന്നും നേരത്തെ ഗുര്‍പത്വന്ത് സിംഗ് ഭീഷണി മുഴക്കിയിരുന്നു.