കൊച്ചി: എയര്‍ ഇന്ത്യ എക്‌സ്പ്രസ് കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ ജനുവരി 16 മുതല്‍ നേരിട്ടുള്ള പ്രതിദിന വിമാന സര്‍വീസ് ആരംഭിക്കുന്നു.ബെംഗളൂരുവില്‍ നിന്നും വൈകിട്ട് 6:45 ന് പുറപ്പെടുന്ന വിമാനം 7.45 ന് കോഴിക്കോട്ടെത്തും. മടക്ക വിമാനം കോഴിക്കോട്ടുനിന്ന് രാത്രി 8.15ന് പുറപ്പെട്ട് 9.15ന് ബെംഗളൂരുവിലെത്തും.
പുതിയ സര്‍വീസ് തുടങ്ങുന്നതോടു കൂടി കോഴിക്കോട് നിന്നും മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി, ചെന്നൈ, ഹൈദരാബാദ്, ഗോവ, ജയ്പൂര്‍, പുണെ, വാരാണസി തുടങ്ങി 22 സ്ഥലങ്ങളിലേക്ക് വണ്‍-സ്റ്റോപ്പ് ഫ്ലൈറ്റുകള്‍ ലഭ്യമാകും. എയര്‍ ഇന്ത്യ എക്സ്പ്രസ് 344 പ്രതിവാര സര്‍വീസുകള്‍ നടത്തുന്ന ബെംഗളൂരു വഴി ഈ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സൗകര്യപ്രദമായി എത്തിച്ചേരാൻ കഴിയും.
എയര്‍ലൈനിന്‍റെ മൊബൈല്‍ ആപ്പിലൂടെയും airindiaexpress.com എന്ന വെബ്‌സൈറ്റിലൂടെയും മറ്റ് പ്രധാന ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെയും പുതിയ സര്‍വീസിന്‍റെ ബുക്കിംഗുകള്‍ ആരംഭിച്ചു.
എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ വിപുലമായ ശൃംഖലയിലെ പ്രധാന കേന്ദ്രങ്ങളാണ് കോഴിക്കോടും ബെംഗളൂരുവുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ അങ്കുര്‍ ഗാര്‍ഗ് പറഞ്ഞു. വരും ദിവസങ്ങളില്‍ കോഴിക്കോട് നിന്നുള്ള ആഭ്യന്തര സര്‍വീസുകള്‍ വിപുലീകരിച്ചുകൊണ്ട് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ യാത്രാ അവസരങ്ങള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
എയര്‍ ഇന്ത്യ എക്സ്പ്രസ് നിലവില്‍ കോഴിക്കോട് നിന്ന് മിഡില്‍ ഈസ്റ്റിലെ 13 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ആഴ്ചയില്‍ 95 സര്‍വീസുകള്‍ നടത്തുന്നുണ്ട്. കോഴിക്കോട് നിന്നും ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്ന എയര്‍ലൈനാണ് എയര്‍ ഇന്ത്യ എക്സ്പ്രസ്. പുതിയ സര്‍വീസ് ആരംഭിക്കുന്നതോടെ ബെംഗളൂരു നിവാസികള്‍ക്ക് കോഴിക്കോട് വഴി മിഡില്‍ ഈസ്റ്റിലെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സൗകര്യപ്രദമായി എത്തിച്ചേരാനും കഴിയും.
കോഴിക്കോടിന് പുറമേ കൊച്ചിയില്‍ നിന്ന് ആഴ്ചയില്‍ 90 സര്‍വീസുകള്‍, തിരുവനന്തപുരത്ത് നിന്ന് 58, കണ്ണൂരില്‍ നിന്ന് 52 എന്നിങ്ങനെ സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ എക്സ്പ്രസാണ് കേരളത്തില്‍ നിന്ന് ഗള്‍ഫ് റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന ഏറ്റവും വലിയ അന്താരാഷ്ട്ര എയര്‍ലൈൻ. എയര്‍ ഇന്ത്യ എക്സ്പ്രസ് കൊച്ചിയില്‍ നിന്നും അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് പുറമേ ബെംഗളൂരു, ഹൈദരാബാദ്, ന്യൂഡല്‍ഹി, എന്നിവിടങ്ങളിലേക്ക് നേരിട്ട് സര്‍വീസുകള്‍ നടത്തുന്നുണ്ട്. തിരുവനന്തപുരത്ത് നിന്ന് ഗള്‍ഫിലേക്കുള്ള വിമാനങ്ങള്‍ക്ക് പുറമേ ബെംഗളൂരുവിലേക്കും ചെന്നെയിലേക്കും സര്‍വീസ് ഉണ്ട്. കൂടാതെ തിരുവനന്തപുരം- കോഴിക്കോട് സര്‍വീസും പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂരില്‍ നിന്ന് 42 അന്താരാഷ്ട്ര വിമാന സര്‍വീസുകളും ബെംഗളൂരുവിലേക്കും തിരുവനന്തപുരത്തേക്കും ആഭ്യന്തര സര്‍വീസുമുണ്ട്.
എയര്‍ ഇന്ത്യ എക്സ്പ്രസ് വൻ വിപുലീകരണത്തിന്‍റെ ഘട്ടത്തിലാണ്. ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ നിന്ന് സര്‍വീസ് ആരംഭിക്കുമെന്ന് എയര്‍ലൈൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്വാളിയറില്‍ നിന്ന് ദില്ലിയിലേക്കും ബെംഗളൂരുവിലേക്കും നേരിട്ട് വിമാന സര്‍വീസുകള്‍ ആരംഭിക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ച, സൂറത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ ഉദ്ഘാടന ദിവസം തന്നെ ദുബായിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് നേരിട്ട് സര്‍വീസ് നടത്തുകയും ചെയ്തു.