എ.ഐ. ക്യാമറ നിയമ ലംഘനങ്ങളിൽ മൂന്നിലൊന്നിന് പോലും പിഴചുമത്തിയില്ല

Breaking Kerala

കൊച്ചി: ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിന് സ്ഥാപിച്ച എ.ഐ. ക്യാമറ പിടികൂടിയതിന്റെ മൂന്നിലൊന്ന് നിയമലംഘനങ്ങൾക്കുപോലും പിഴചുമത്താൻ കഴിഞ്ഞില്ല. ക്യാമറ പ്രവർത്തിച്ചുതുടങ്ങിയ 2023 ജൂൺ അഞ്ചുമുതൽ ഒക്ടോബർ 31 വരെ 74,32,371 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

ഇതിൽ 58,29,926 എണ്ണം മാത്രമാണ് പരിശോധിക്കാൻ കഴിഞ്ഞത്. 23,06,023 കേസുകൾ പിഴ ചുമത്തുന്നതിനുള്ള പ്രാരംഭ നടപടിയായി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് മോണിറ്ററിങ് സിസ്റ്റത്തിലേക്ക് മാറ്റി. 21,03,801 ചെലാനുകൾ തയ്യാറാക്കി. ഇതുപ്രകാരം 139 കോടിരൂപ പിഴചുമത്തിയിട്ടുണ്ട്. എന്നാൽ, 21.40 കോടിരൂപയാണ് പിഴയായി ഖജനാവിൽ ലഭിച്ചിട്ടുള്ളത്.

നിയമ ലംഘനങ്ങൾക്ക് കുറവില്ലെങ്കിലും കേസെടുക്കുന്നതിൽ വേഗമില്ലാത്തതാണ് പദ്ധതിക്ക് തിരിച്ചടിയാകുന്നത്. നിയമലംഘനങ്ങൾക്ക് ആനുപാതികമായി പിഴചുമത്തിയില്ലെങ്കിൽ കുറ്റം ആവർത്തിക്കുന്നത് തടയാൻ കഴിയില്ല. കെൽട്രോണും മോട്ടോർവാഹനവകുപ്പും ചേർത്തുന്നുള്ള സംയുക്തസംരംഭത്തിൽ ഇരുകൂട്ടരുടെയും വീഴ്ച പദ്ധതി നടത്തിപ്പിലുണ്ട്.

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ വാഹൻ സോഫ്റ്റ്‌വേറിലേക്കാണ് പിഴ വിവരങ്ങൾ ഉൾക്കൊള്ളിക്കേണ്ടത്. ഇത് സ്ഥിരമായി തകരാറിലാകുന്നുണ്ട്. എ.ഐ. ക്യാമറകളിൽനിന്നുള്ള വിവരങ്ങൾ സോഫ്റ്റ്‌വേറിലേക്ക് മാറ്റുന്നതിനുള്ള സംവിധാനം കെൽട്രോണിന്റെ ചുമതലയിലാണ്. ഇതിലും സാങ്കേതികപ്പിഴവുണ്ട്. ആവശ്യത്തിന് ജീവനക്കാരെ നിയോഗിച്ചിട്ടില്ല.

ക്യാമറകൾക്ക് വൈദ്യുതി നൽകുന്ന സോളാർപ്പാനലുകൾക്കുണ്ടായ തകരാറും തിരിച്ചടിയായി. ഇവയുടെ അറ്റകുറ്റപ്പണി കൃത്യമായി നടക്കാത്തതിനാൽ വൈദ്യുതിലഭ്യതയിലും കുറവുണ്ട്. ക്യാമറ സ്ഥാപിച്ചതിന് കെൽട്രോണിനുള്ള ആദ്യഗഡുവായി 11.75 കോടിരൂപ നൽകാൻ കഴിഞ്ഞയാഴ്ച ഹൈക്കോടതി അനുമതിനൽകിയിരുന്നു.

236 കോടിരൂപ ചെലവിട്ട പദ്ധതിയിൽ അഞ്ചുവർഷംകൊണ്ട് 424 കോടിരൂപ പിഴയായി ലഭിക്കുമെന്നായിരുന്നു നിഗമനം. 188 കോടിരൂപ സർക്കാരിന് അധികമായി ലഭിക്കുമെന്നും കെൽട്രോൺ വാഗ്ദാനംചെയ്തിരുന്നു. എന്നാൽ, അഞ്ചുമാസം പിന്നിടുമ്പോൾ 21 കോടി മാത്രമാണ് പിഴയായി ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *