ലഖ്നോ: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് ക്രൂര മര്‍ദനം. താജ്മഹലിന് സമീപത്തെ കടയിലുണ്ടായിരുന്ന കസേരയില്‍ ഇരുന്നതിനി പിന്നാലെ രണ്ടംഗ സംഘം കുട്ടിയെ മര്‍ദിക്കുകയായിരുന്നു.സംഭവത്തിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
പ്രദേശത്തെ കടയ്ക്കുള്ളിലെ കസേരയിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന കുട്ടിയെ രണ്ടംഗം സംഘം എത്തി മര്‍ദിക്കുകയായിരുന്നു. കുട്ടിയുടെ മുഖത്ത് അടിക്കുകയും ഭക്ഷണം നിലത്തുവീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതിന് പിന്നാലെ വീണ്ടും രണ്ട് പേരെത്തി കുട്ടിയെ അടിക്കുകയും കസേരയില്‍ നിന്ന് താഴേക്ക് വലിച്ചിറക്കിയ ശേഷം കുട്ടിയെ ചവിട്ടുന്നതും ദൃശ്യങ്ങളിലുണ്ട്. കുട്ടിയെ മര്‍ദിക്കുന്ന സമയത്ത് കടയുടമയും മറ്റൊരാളും കടയിലുണ്ടായിരുന്നുവെങ്കിലും ആരും കുട്ടിയെ സഹായിക്കാനെത്തിയില്ല.
സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രി സാധനങ്ങള്‍ ശേഖരിക്കുന്ന കുട്ടിക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. അക്രമികള്‍ കുട്ടിയെ മര്‍ദിക്കുന്നത് തടയാൻ കടയുടമ ശ്രമിക്കുന്നില്ലെന്നതും ദൃശ്യങ്ങളില്‍ കാണാം.
പരിക്കേറ്റ കുട്ടി ചികിത്സയിലാണ്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പ്രതികള്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.