ജമ്മു കശ്മീർ: രാജ്യത്തിന് വേണ്ടി സിയാച്ചിനിൽ വീരമൃത്യു വരിച്ച ആദ്യ അഗ്നിവീർ അക്ഷയ് ലക്ഷ്മണിന് ഒരു കോടി രൂപയുടെ സഹായം നൽകുമെന്ന് കരസേന. 48 ലക്ഷം രൂപ ഇൻഷുറൻസായി നൽകും. മറ്റ് ആനുകൂല്യങ്ങൾക്കായ് 44 ലക്ഷം രൂപയും നൽകുമെന്ന് സേന അറിയിച്ചു. അഗ്നിവീറുകളുടെ സേവാ നിധി വിഹിതവും (30 ശതമാനം) സമാനമായ തുകയുടെ സര്‍ക്കാര്‍ വിഹിതവും അതിന്റെ പലിശയും ലഭിക്കും. ഇതിന് പുറമെ നാല് വര്‍ഷത്തെ സേവന കാലയളവ് പൂര്‍ത്തിയാകുന്നതിന് ഇനി അവശേഷിക്കുന്ന കാലയളവിലേക്കുള്ള മുഴുവന്‍ ശമ്പളവും നല്‍കും.
ആംഡ് ഫോഴ്സസ് ബാറ്റില്‍ കാഷ്വാല്‍റ്റി ഫണ്ടില്‍ നിന്ന് എട്ട് ലക്ഷം രൂപ കുടുംബത്തിന് നല്‍കും. അടിയന്തിര ധനസഹായമായി ആര്‍മി വൈവ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ 30,000 രൂപയും നല്‍കുമെന്ന് സൈന്യം അറിയിച്ചു. രാഹുൽ ഗാന്ധിയുൾപ്പെടുള്ള നേതാക്കൾ സിയാച്ചിനിൽ വീരമൃത്യവരിച്ച അഗ്നിവീർ അക്ഷയ് ലക്ഷ്മണിന് സഹായം ലഭിക്കാത്തതിനെ തുടർന്ന് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വീരമൃത്യു വരിച്ചാല്‍ സൈനികരുടെ കുടുംബത്തിന് പെന്‍ഷനോ മറ്റ് സഹായങ്ങളോ ലഭിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് ബിജെപി രംഗത്തെത്തിയതിനു പിന്നാലെയാണ് കരസേന ഉദ്യോഗസ്ഥർ സഹായവുമായി രംഗത്തെത്തിയത്.