പോക്സോ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നോ…?; അഡ്വ.വിഷ്ണു വിജയൻ എഴുതുന്നു 

Breaking Kerala Local News

2012ന് മുമ്പ് രാജ്യത്ത് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് വ്യക്തമായ നിയമമൊന്നും ഉണ്ടായിരുന്നില്ല. കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണവും ഉപദ്രവവും തടയുന്നതിനായി 2012ൽ നടപ്പാക്കിയ നിയമമാണ് പോക്‌സോ. ഇത് കൂടുതൽ ഫലപ്രദമാക്കാൻ പോക്‌സോ ഭേദഗതി ബിൽ 2019 കൊണ്ടുവന്നു. കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളിൽ വധശിക്ഷ നൽകാൻ ഈ ബിൽ വ്യവസ്ഥ ചെയ്യുന്നു. കുട്ടികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും അവരുടെ ക്ഷേമം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഈ നിയമപ്രകാരം, കുട്ടിയെ 18 വയസിന് താഴെയുള്ള വ്യക്തിയായി നിർവചിക്കുകയും കുട്ടികളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ വികസനം ഉറപ്പാക്കുകയും അവരുടെ താൽപ്പര്യങ്ങൾക്കും ക്ഷേമത്തിനും എല്ലാ ഘട്ടത്തിലും മുൻഗണന നൽകുകയും ചെയ്യുന്നു. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന് പോക്സോ നിയമം ഒരു പരിധിവരെ കാരണമാകുന്നുണ്ടെങ്കിലും നിയമം ദുരുപയോഗം ചെയ്യുന്നതും വ്യാപകമാണ്. കുടുംബവഴക്കിന്റെയും അയല്‍പ്പക്കക്കാരനോടുള്ള വൈരാഗ്യത്തിന്റെയും പേരില്‍ വരെ പോക്‌സോ നിയമം പ്രകാരം കേസ് കൊടുക്കുന്നത് തുടര്‍ക്കഥയാകുന്നുണ്ട്.

സംസ്ഥാനത്ത് ഉണ്ടാകുന്ന 50 ശതമാനത്തിലധികം പോക്‌സോ കേസുകള്‍ വ്യാജമാണെന്ന് പോലീസുകാര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. എന്നിട്ടും ആഭ്യന്തര വകുപ്പോ സര്‍ക്കാരോ നിയമത്തിലെ അപാകതകള്‍ പഠിക്കാനോ പരിഹാരം കാണാനോ തയാറായിട്ടില്ല. പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനകം നടപടി എടുക്കണം. എഫ്‌ഐആര്‍ പോക്‌സോ കോടതിയിലോ തത്തുല്യ കോടതികളിലോ നല്‍കണം. ഇല്ലെങ്കില്‍ ചുമതലയുള്ള ഉദ്യോഗസ്ഥനെതിരെ നിയമനടപടി ഉണ്ടാകും. അതിനാല്‍ അത്തരം പരാതികള്‍ വന്നാല്‍ നടപടി എടുക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതേസമയം, വാളയാര്‍ പീഡനം അടക്കമുള്ള സംഭവങ്ങളില്‍ പോലീസ് ഈ നിയമം യഥാവിധി പ്രയോഗിച്ചിട്ടുമില്ല. പോക്സോ കേസുകളിൽ ഭൂരിഭാഗം കുറ്റകൃത്യങ്ങളും നടന്നത് കുട്ടികളുടെ വീടുകളിൽ വച്ചാണെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ റിപ്പോർട്ടിലുണ്ട്. സ്കൂളുകൾ, വാഹനങ്ങൾ, മതസ്ഥാപനങ്ങൾ, ആശുപത്രികൾ, ശിശുസംരക്ഷണ സ്ഥാപനങ്ങൾ, സുഹൃത്തുക്കളുടെ വീടുകൾ എന്നിവിടങ്ങളിലും കുട്ടികൾ ലൈംഗിക അതിക്രമത്തിന് ഇരയാകുന്നുണ്ട്. പോക്സോ നിയമം(2012) പ്രാബല്യത്തിൽ വന്ന ശേഷം 10 വർഷത്തിനിടെ കേരളത്തിൽ കേസുകൾ നാലിരട്ടിയായി. ഓരോ വർഷവും റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണവും വർധിച്ചു. 2013ൽ 1002 കേസുകൾ മാത്രമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 2022ൽ ഇത് 4582 ആയി ഉയർന്നു.

അതേസമയം, രക്തബന്ധത്തിലുള്ളവർക്ക് എതിരെ പ്രായപൂർത്തിയാകാത്ത കുട്ടികൾ നൽകുന്ന പീഡന പരാതികളിൽ അറസ്റ്റ് ഉൾപ്പെടെ നടപടികളിലേക്കു കടക്കും മുൻപു പൊലീസ് അതീവ ശ്രദ്ധയും ജാഗ്രതയും കാണിക്കണമെന്ന് ഹൈക്കോടതിയും നിരീക്ഷണം നടത്തിയിരുന്നു. പോക്സോ നിയമത്തിന്റെ ദുരുപയോഗവും കള്ളപ്പരാതികളും കോടതി നടപടികളെ പോലും പ്രതിസന്ധിയിലാക്കുമെന്നും ഇക്കാര്യം പരിശോധിച്ച് സർക്കാർ മാർഗരേഖ ഉണ്ടാക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.പോക്‌സോ നിയമപ്രകാരം ഉള്ള പരാതികള്‍ വ്യാജമാണെന്ന് തെളിഞ്ഞാല്‍ രക്ഷിതാവിനെതിരെയും പരാതി നല്‍കാന്‍ പ്രേരിപ്പിക്കുന്നവര്‍ക്കെതിരെയും കൂട്ടുനില്‍ക്കുന്നവര്‍ക്കെതിരെയും ശിക്ഷാനടപടികള്‍ വേണം. ഇതിനായി നിയമത്തില്‍ ഭേദഗതി വരുത്തണം. അറസ്റ്റിലേക്ക് നീങ്ങുന്നതിന് മുന്നേ പരാതി ഉണ്ടാകനുള്ള സാഹചര്യം എന്തെന്ന് കൂടി അന്വേഷിക്കണം. വൈരാഗ്യം മൂലമുള്ള പരാതികളാണെങ്കില്‍ അവ തിരിച്ചറിയണം. പോക്‌സോയില്‍ നിരപരാധികളെ ഇരകളാക്കുന്നത് അതീവ ഗൗരവമുള്ളതാണ്. കുടുംബപ്രശ്‌നങ്ങളുടെ പേരിലുള്ളതും വൈരാഗ്യത്തിന്റെ മറവിലെയും പരാതികളില്‍ പോലീസ് പ്രതിഭാഗത്തിന്റെ അഭിപ്രായവും കൂടി കേള്‍ക്കണം. കുട്ടികളെ മറയാക്കി വൈരാഗ്യം തീര്‍ക്കുന്നത് കുടുംബ കോടതികളില്‍ സാധാരണമായിരുന്നു. ഇന്ന് കുടുംബവഴക്കില്‍ മാത്രമല്ല നിസാര വൈരാഗ്യമുള്ള കേസുകളിലും പോക്‌സോ നിയമം പ്രയോഗിക്കുകയാണ്. ഇതെല്ലാം ബാധിക്കുന്നത് കുട്ടികളെ കൂടിയാണ്. വ്യാജപരാതികളില്‍ കുടുങ്ങുന്നവര്‍ക്ക് കടുത്ത മനുഷ്യാവകാശലംഘനം കൂടിയാണ് ഉണ്ടാകുന്നത്. അച്ഛന്‍, അമ്മ എന്നിവര്‍ക്കെതിരെയുള്ള പരാതികള്‍ പോലീസ് നന്നായി അന്വേഷിച്ചശേഷം മാത്രമേ അറസ്റ്റിലേക്ക് നീങ്ങാവൂ. കുട്ടികളെ പ്രലോഭിപ്പിച്ച് കള്ളം പറയിക്കാന്‍ എളുപ്പമാണ്. പരാതി വ്യാജമാണോ എന്ന് അറിയാന്‍ അന്വേഷണ ഏജന്‍സിയായ പോലീസിന് മാത്രമേ സാധിക്കൂ. വ്യാജമാണെങ്കില്‍ ആ വിവരം കോടതിയെ ധരിപ്പിക്കുക എന്നതും പോലീസിന്റെ ഉത്തരവാദിത്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *