ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിദേശത്ത് പഠിക്കാനുള്ള അവസരങ്ങൾ ഇപ്പോൾ നിരവധിയാണ്. എന്നാൽ കഴിവും യോഗ്യതയുമുള്ള എല്ലാവർക്കും വിദേശപഠനം ആ നിലയിൽ പ്രാപ്തവുമല്ല. വിദേശത്ത് പഠിക്കുന്നതിനുള്ള ചെലവാണ് ഇതിൽ പ്രധാനകാരണം. വിദേശത്ത് പഠിക്കാനുള്ള പണം കണ്ടെത്താൻ പ്രധാനമായും രണ്ട് സാധ്യതകളാണ് പ്രധാനമായും വിദ്യാർത്ഥികൾക്ക് മുമ്പിലുള്ളത്. പഠനത്തിന് സഹായകമാകുന്ന സ്കോളർഷിപ്പുകളും ബാങ്കുകൾ നൽകുന്ന വിദ്യാഭ്യാസ വായ്പകളുമാണ് പലരും പൊതുവെ ആശ്രയിക്കുന്നത്. സ്കോളർഷിപ്പിനെക്കാൾ വിദേശപഠനത്തിന് പോകുന്ന വിദ്യാർത്ഥികൾ കൂടുതലായി ആശ്രയിക്കുന്നത് ബാങ്കുകൾ നൽകുന്ന വിദ്യാഭ്യാസ വായ്പകളെയാണ്. ഇന്ത്യയിൽ, വിവിധ ബാങ്കുകൾ വിവിധ പലിശ നിരക്കിൽ വിദ്യാഭ്യാസ വായ്പകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. സാധാരണയായി ഏകദേശം 8.5% മുതൽ 16% വരെയാണ് പലിശനിരക്ക്. കോഴ്സ് ഫീസിന് പുറമെ താമസം, പുസ്തകങ്ങൾ, ഉപകരണങ്ങൾ യൂണിഫോം, കമ്പ്യൂട്ടറുകൾ എന്നിവ അടക്കമുള്ള വിദ്യാഭ്യാസ ചെലവുകൾ ഉൾപ്പെടെയാണ് വിദ്യാഭ്യാസ വായ്പകൾ ലഭിക്കുക.
എന്നാൽ നമ്മുടെ രാജ്യത്ത് നിന്ന് ബാങ്ക് ലോണ്‍ എടുത്ത് വിദേശത്ത് പഠിക്കാന്‍ പോയ പലരും മനപ്പൂര്‍വം ലോണ്‍ തിരിച്ചടക്കാതെ പോകുന്നുണ്ട്. അവരുടെ വിചാരം വിദേശത്ത് തന്നെ തുടർന്നാൽ പിന്നെ ഇന്ത്യയിലെ ബാങ്കുകള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല എന്നാണ്. അതേസമയം അവരെ കാത്തിരിക്കുന്നത് മുട്ടന്‍ പണിയാണ്. ആരെങ്കിലും പറയുന്നത് കേട്ട് ലോണ്‍ തിരിച്ചടക്കാതിരിക്കുന്നത് വലിയ രീതിയില്‍ ദോഷം ചെയ്യും. ലോണ്‍ എടുത്താല്‍ അത് തിരിച്ചടയ്‌ക്കണം. അതിന് കഴിയാത്തവര്‍ അത് എടുക്കരുത്. തിരിച്ചടയ്ക്കുന്നതിൽ ഏതെങ്കിലും ബുദ്ധിമുട്ടുകൾ നേരിട്ടാൽ സാവകാശം തേടുകയാണ് വേണ്ടത്. ലോണ്‍ തിരിച്ചടവ് മുടങ്ങിയിട്ടും കുറച്ചു നാള്‍ ബാങ്കുകള്‍ വിളിക്കാതിരിക്കുമ്പോള്‍ ബാങ്കുകള്‍ അത് എഴുതിത്തള്ളി അല്ലെങ്കില്‍ മറന്ന് പോയി എന്നൊക്കെ ആരെങ്കിലും കരുതുന്നു എങ്കില്‍ അവര്‍ വിഡ്ഢികളുടെ ലോകത്ത് ആണ്. വൈകും തോറും ബാങ്കുകള്‍ക്ക് ആണ് ലാഭം. ലോണ്‍ എടുത്തവര്‍ക്ക് അല്ല എന്ന് മനസിലാക്കുക.
ചെയ്യാന്‍ പറ്റുന്ന ഒരേ ഒരു മാര്‍ഗം, ബാങ്കുമായി ബന്ധപ്പെട്ട് വണ്‍ ടൈം സെറ്റില്‍മെന്റ് പോലെ എന്തെങ്കിലും ചെയ്ത് ലോണ്‍ അടച്ചു തീര്‍ക്കുക എന്നതാണ്. വൈകുംതോറും പലിശ കൂടിക്കൊണ്ടിരിക്കും എന്ന് മാത്രമല്ല നിയമ നടപടികള്‍ ഉണ്ടായാല്‍ അത് നിങ്ങളുടെ കരിയറിനെയും, സമാധാന ജീവിതത്തെയും എല്ലാം ബാധിക്കും. ബാങ്കുകളെ പറ്റിച്ച് മുങ്ങുന്നവർക്ക് മുൻപിൽ രണ്ട് മാര്‍ഗങ്ങള്‍ മാത്രമാണ് ഉള്ളത്. ഒന്ന്, എടുത്ത തുകയും ഇത്രയും നാളത്തെ പലിശയും, പിഴപ്പലിശയും ഒക്കെ ചേര്‍ത്ത് തിരിച്ചടയ്‌ക്കുക. അല്ല എങ്കില്‍ നിയമ നടപടികള്‍ നേരിടുക. രണ്ടാമത്തെ മാര്‍ഗം ആണ് തിരഞ്ഞെടുക്കുന്നത് എങ്കില്‍ അത് നിങ്ങളുടെ ശിഷ്ട്ട കാലം ദുരിതപൂര്‍ണം ആക്കും എന്നതില്‍ ഒരു സംശയവും ഇല്ല.