ബംഗളുരു: തെളിവുകളില്ലാതെ ഭാര്യയ്ക്കെതിരെ അവിഹിത ബന്ധം ആരോപിക്കുന്നതും കുട്ടികളുടെ പിതൃത്വത്തില്‍ സംശയം ഉന്നയിക്കുന്നതും ക്രൂരതയെന്ന് കര്‍ണാടക ഹൈക്കോടതി. വിവാഹ മോചന ഹര്‍ജിയില്‍ ഇത്തരം വാദങ്ങള്‍ ഉന്നയിച്ച ഭര്‍ത്താവിന് കോടതി പതിനായിരം രൂപ പിഴയിട്ടു. ഭര്‍ത്താവിന്റെ ഹര്‍ജിയില്‍ വിവാഹമോചനം അനുവദിച്ച കുടുംബ കോടതി വിധിക്കെതിരേ ഭാര്യ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിരീക്ഷണം.
ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്നും മക്കളുടെ പിതൃത്വത്തില്‍ സംശയമുണ്ടെന്നും വാദിച്ച ഭര്‍ത്താവ് ഡി.എന്‍.എ. പരിശോധനയ്ക്കു നിര്‍ബന്ധിച്ചു. ഇത് മാനസിക പീഡനവും ക്രൂരതയുമാണെന്ന് ജസ്റ്റിസുമാരായ കെ.എസ്. മുദ്ഗല്‍, കെ.വി. അരവിന്ദ് എന്നിവര്‍ ചൂണ്ടിക്കാട്ടി. ഭര്‍ത്താവിന്റേത് വെറും ആക്ഷേപങ്ങള്‍ മാത്രമാണെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ വിവാഹ മോചനം അനുവദിക്കാനാകില്ലെന്നും കോടതി പറഞ്ഞു.