ഇന്ത്യയുടെ ആദിത്യ എൽ1 വിക്ഷേപണം നാളെ‌; കൗണ്ട് ഡൗൺ ഇന്ന് ആരംഭിക്കും

Breaking National

ബെം​ഗളൂരു: ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എൽ1 ന്റെ വിക്ഷേപണം നാളെ നടക്കും. കൗണ്ട്ഡൗൺ ഇന്ന് ആരംഭിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിന്റെ രണ്ടാം വിക്ഷേപണത്തറയിൽ പേടകം തയ്യാറായതായി ഐഎസ്ആർഒ അറിയിച്ചു. രാവിലെ 11.50നാണ് വിക്ഷേപണം തീരുമാനിച്ചിരിക്കുന്നത്. ലോഞ്ച് റിഹേഴ്സൽ പൂർത്തിയായതായി ഐഎസ്ആർഒ ബുധനാഴ്ച അറിയിച്ചിരുന്നു.

പിഎസ്എൽവി റോക്കറ്റാണ് പേ‍ടകത്തെ സൂര്യനടുത്തേക്ക് എത്തിക്കുക. സൂര്യനെക്കുറിച്ചുള്ള ഇന്ത്യയുടെ ദീർഘകാല പഠനത്തിന്റെ തുടർച്ചയാണ് ആദിത്യ എൽ1 ദൗത്യം. പേടകത്തെ 15 ലക്ഷം കിലോമീറ്റർ ദൂരത്തിലുള്ള ല​ഗ്രാഞ്ജിയൻ പോയിന്റിലെത്തിച്ചാണ് സൂര്യനെ തുടർച്ചയായി നിരീക്ഷിക്കുക. ഹാലോ ഓർബിറ്റിൽ സ്ഥിതി ചെയ്യുന്ന ല​ഗ്രാഞ്ജിയൻ പോയിന്റിൽ നിന്ന് സൂര്യനെ തടസ്സങ്ങളില്ലാതെ നിരീക്ഷിക്കാം. മറ്റ് ​ഗ്രഹങ്ങളോ നക്ഷത്രങ്ങളോ ഒന്നും പേടകത്തിന് മുന്നിലൂടെ കടന്നു പോകില്ല. അവിടെ നിന്ന് വിവിധ പഠനങ്ങൾ നടത്താനാണ് ഐഎസ്ആർഒ ഉദ്ദേശിക്കുന്നത്. അഞ്ച് വർഷവും 2 മാസവും നീണ്ടു നിൽ‌ക്കുന്നതാണ് ആദിത്യ എൽ‌1 ദൗത്യം. ഭൗമോപരിതലത്തിലൂടെ സഞ്ചരിക്കുമ്പോൾ തരം​ഗങ്ങൾക്കുണ്ടാകുന്ന വ്യതിയാനം മറികടക്കാനാണ് 15 ലക്ഷം കിലോമീറ്റർ അകലെ പോയി പഠനം നടത്തുന്നത്. നാല് മാസം സമയമാണ് ല​ഗ്രാഞ്ചിയൻ പോയിന്റിലേക്കെത്താൻ എടുക്കുക. സൂര്യൻ വലിയ തോതിൽ ഊർജ്ജം പുറത്തുവിടുന്ന പ്രക്രിയയായ കോറാണൽ മാസ് ഇജക്ഷൻ, സൂര്യന് ചുറ്റുമുള്ള കാലാവസ്ഥ, സൂര്യന്റെ ബാഹ്യവലയമായ കൊറോണ എന്നിവയെക്കുറിച്ച് ദൗത്യം പഠിക്കും. 368 കോടി രൂപയാണ് ദൗത്യത്തിന് പ്രതീക്ഷിക്കുന്ന ആകെ ചെലവ്.

Leave a Reply

Your email address will not be published. Required fields are marked *