സൂര്യനെ പഠിക്കാൻ രാജ്യം; പ്രഥമ സൗരദൗത്യം ആദിത്യ എൽ1 വിക്ഷേപിച്ചു

Breaking National

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എൽ1 വിജയകരമായി വിക്ഷേപിച്ചു. ഇന്നു പകൽ 11.50ന് ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് 1480.7 കിലോ ഭാരമുള്ള ആദിത്യയുമായി പിഎസ്എൽവി – എക്സ്എൽ സി57 റോക്കറ്റ് കുതിച്ചത്. ഭൂമിയിൽനിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാണ് ആദിത്യ എൽ1 എത്തുക. ഇവിടെനിന്നു തടസ്സമോ മറവോ കൂടാതെ സൂര്യനെ തുടർച്ചയായി വീക്ഷിക്കാനും പഠിക്കാനും കഴിയും.

വിക്ഷേപിച്ച് 64 മിനിറ്റിനുശേഷം, ഭൂമിയിൽനിന്ന് 648.7 കിലോമീറ്റർ അകലെ, ആദിത്യ റോക്കറ്റിൽ നിന്ന് വേർപെടും. തുടർന്ന് 125 ദിവസത്തിനിടെ 4 തവണയായി ഭ്രമണപഥം ഉയർത്തിയാകും ലക്ഷ്യസ്ഥാനമായ ഒന്നാം ലെഗ്രാഞ്ചേ ബിന്ദുവിൽ എത്തുക. ഭൂമിയിൽനിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെയാണിത്. സൗര അന്തരീക്ഷത്തിന്റെ മുകൾഭാഗത്തെ ചൂടും അതുവഴിയുള്ള വികിരണം മൂലം ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലുമുണ്ടാകുന്ന മാറ്റവും 5 വർഷത്തോളം പഠിക്കാനാണ് ഇന്ത്യയുടെ ലക്ഷ്യം. വിവിധ പഠനങ്ങൾക്കായി വെൽക്, സ്യൂട്ട്, സോളക്സ്, ഹെലിയസ്, അസ്പെക്സ്, പാപ, മാഗ് എന്നീ 7 പേലോഡുകൾ ആദിത്യയിലുണ്ട്. സൗരദൗത്യം നടത്തുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ.

Leave a Reply

Your email address will not be published. Required fields are marked *