ബെംഗളുരു: ഇന്ത്യയുടെ പ്രഥമ സൗര ദൗത്യമായ ആദിത്യ എല്‍ വണ്ണിന്റെ നാലാംഘട്ട ഭ്രമണപഥ ഉയര്‍ത്തലും വിജയകരമായി പൂർത്തിയായതായി ഐഎസ്ആര്‍ഒ അറിയിച്ചു. ഭൂമിയില്‍ നിന്ന് 256 മുതല്‍ 121,973 കിലോമീറ്റര്‍ പരിധിയിലുള്ള ഭ്രമണപഥത്തിലെത്തി. ലഗ്രാഞ്ച് പോയിന്റിലേക്കുള്ള യാത്ര 19ന് ആരംഭിക്കും.
ഇതിന് മുൻപ് മൂന്ന് തവണയാണ് ആദിത്യ എല്‍ വണ്ണിന്റെ ഭ്രമണപഥം ഉയര്‍ത്തൽ നടന്നത്. ആദ്യം സെപ്റ്റംബര്‍ മൂന്നാം തീയ്യതിയും പിന്നീട് സെപ്റ്റംബര്‍ അഞ്ചാം തീയ്യതിയും മൂന്നാം തവണ സെപ്തംബര്‍ 10നും ഭ്രമണപഥം ഉയര്‍ത്തൽ നടന്നിരുന്നു. നാലാം തവണ ഭ്രമണപഥം ഉയര്‍ത്തല്‍ പൂര്‍ത്തിയായതിന് ശേഷം പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കുള്ള യാത്ര ആരംഭിച്ചിരിക്കുകയാണ്. നാല് മാസം നീളുന്ന യാത്രയാണ് ആദിത്യ എല്‍ വണ്ണിന്റേത്. ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ് പേടകത്തെ അയക്കുന്നത്. എല്‍ വണ്ണിന് ചുറ്റുമുള്ള ഹാലോ ഓര്‍ബിറ്റില്‍ പേടകത്തെ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.