ഇടുക്കി: ഇടുക്കി അടിമാലിയിൽ ലോഡ്ജ് ഉടമ അടക്കം മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു.
തൊടുപുഴ സെഷൻസ് കോടതിയുടെ ശിക്ഷ വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീൽ തള്ളിയാണ് ഹൈക്കോടതി ഉത്തരവ്.
കര്‍ണ്ണാടക സ്വദേശികളായ രാഘവേന്ദ്ര, മധു എന്ന രാജേഷ് ഗൗഡ, മഞ്ജുനാഥ് എന്നിവരുടെ ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ ആണ് ഡിവിഷൻ ബെഞ്ച് ശരി വെച്ചത്.
അടിമാലി രാജധാനി ടൂറിസ്റ്റ് ഹോം നടത്തിപ്പുകാരൻ കുഞ്ഞുമുഹമ്മദ്, ഭാര്യ ഐഷ, ഐഷയുടെ മാതാവ് നാച്ചി എന്നിവരെയാണ് പ്രതികൾ കൊലപ്പെടുത്തിയത്. 2015 ഫെബ്രുവരി പതിമൂന്നിനാണ് നാടിനെ നടുക്കിയ കൊലപാതകം.
ലോഡ്ജിന്റെ മൂന്നാം നിലയിലുള്ള 302-ാം മുറിയില്‍ വായ് മൂടി, കൈകാലുകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു കുഞ്ഞുമുഹമ്മദിന്റെ മൃതദേഹം. ഐഷയുടെയും നാച്ചിയുടെയും മൃതദേഹം ലോഡ്ജിന്റെ ഒന്നാം നിലയില്‍ കിടപ്പുമുറിയായി ഉപയോഗിക്കുന്ന ഹാളില്‍ രണ്ടിടത്തായാണ് കിടന്നത്. മൂവരെയും കൊലപ്പെടുത്തിയ ശേഷം 19.5 പവന്‍ സ്വര്‍ണവും 50,000 രൂപയും റാഡോവാച്ചും പ്രതികൾ കവര്‍ന്നിരുന്നു.