തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി പ്രതിസന്ധിയിലെന്ന് അദാനി ഗ്രൂപ്പ്. നിർമാണത്തിനുള്ള കല്ല് കൊണ്ടു വരുന്ന വാഹനങ്ങള്‍ക്ക് തമിഴ്‌നാട് നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് പ്രതിസന്ധിക്ക് കാരണമായത്. വിഷയം അടുത്ത ബുധനാഴ്ച നടക്കുന്ന അവലോകന യോഗത്തില്‍ ഉന്നയിക്കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു.
കാലവർഷം കഴിയുമ്പോള്‍ ആവശ്യമായി വരുന്ന കല്ല് പരമാവധി ശേഖരിക്കുകയാണ് അദാനി ഗ്രൂപ്പ് ചെയ്തിരിക്കുന്നത്. നിർമാണത്തിനുള്ള കല്ല് തമിഴ്നാട്ടിൽ നിന്നാണ് എത്തിക്കുന്നത്. എന്നാല്‍ ഇങ്ങനെ വരുന്ന വാഹനങ്ങള്‍ക്കും സഞ്ചരിക്കുന്ന പാതകള്‍ക്കും പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതാണ് നിർമാണത്തിന് തടസ്സമായത്. ഇത് നിര്‍മാണ വേഗത കുറക്കുമെന്ന് അദാനി ഗ്രൂപ്പ് പറഞ്ഞു.
വിഷയത്തില്‍ സര്‍ക്കാര്‍ തല ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നാണ് അദാനി ഗ്രൂപ്പിന്റെ ആവശ്യം. പ്രതിമാസ അവലോകന യോഗത്തില്‍ വിഷയം ഉന്നയിക്കുകയും അടിയന്തര പരിഹാരം ഉണ്ടാകണമെന്ന് അദാനി ഗ്രൂപ്പ് ആവശ്യപ്പെടും. പ്രശ്നം പരിഹരിക്കാനുള്ള നീക്കം തുറമുഖ വകുപ്പ് ആരംഭിച്ചിട്ടുണ്ട്.