നടൻ യഷിന്റെ ജന്മദിനത്തിന് ബാനർ നിർമ്മിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്ന് പേർ മരിച്ചു

Cinema

ബംഗളൂരു: നടൻ യഷിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് ആശംസാ ബാനര്‍ സ്ഥാപിക്കുന്നതിനിടെ ഇലക്‌ട്രിക് ലൈനില്‍ നിന്ന് ഷോക്കേറ്റ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം.കര്‍ണാടകയിലെ ഗദഗ് ജില്ലയിലെ സുരനാഗി ഗ്രാമത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം. ആരാധകരായ ഹനുമാന്ത് ഹരിജൻ (24), മുരളി നടുവിനാമതി (20), നവീൻ ഗാജി (20) എന്നിവരാണ് മരിച്ചത്.

അര്‍ധരാത്രി സ്ഥാപിക്കാൻ ശ്രമിച്ച കൂറ്റൻ ബാനറിന്റെ മെറ്റല്‍ ഫ്രെയിം വൈദ്യുതി ലൈനില്‍ സ്പര്‍ശിച്ചതോടെയായിരുന്നു ദുരന്തം. ജനുവരി എട്ടായ ഇന്നാണ് യഷിന്റെ ജന്മദിനം. ഇതോടനുബന്ധിച്ച്‌ ബാനര്‍ സ്ഥാപിക്കാനൊരുങ്ങുകയായിരുന്നു യുവാക്കള്‍.

‘ആരാധക സംഘം ബാനറിന് ഇരുമ്ബ് ഫ്രെയിം സ്ഥാപിക്കുകയായിരുന്നു. ഇതിനിടെ ഇവരില്‍ മൂന്ന് പേര്‍ വൈദ്യുതാഘാതമേറ്റ് മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു’- ഗദഗ് പൊലീസ് സൂപ്രണ്ട് ബാബാസാഹേബ് നേമഗൗഡ പറഞ്ഞു.

ഹെസ്‌കോം (ഹൂബ്ലി ഇലക്‌ട്രിസിറ്റി സപ്ലൈ കമ്ബനി ലിമിറ്റഡ്) കേബിളിലാണ് ബാനറിന്റെ മെറ്റല്‍ ഫ്രെയിം തട്ടിയത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മെറ്റല്‍ ഫ്രെയിമുള്ള ബാനറുകള്‍ സ്ഥാപിക്കുന്നത് ഒഴിവാക്കണമെന്ന് ഷിര്‍ഹട്ടി എംഎല്‍എ ചന്ദ്രു ലമാനി ജനങ്ങളോട് അഭ്യര്‍ഥിച്ചു.

അതേസമയം, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മൂന്ന് പേരുടെയും കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. നടൻ യഷിന്റെ ജന്മദിന ഫ്‌ളെക്‌സ് സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മൂന്ന് യുവാക്കള്‍ മരിച്ച വാര്‍ത്ത കേട്ടതില്‍ ദുഖമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സൂപ്പര്‍ ഹിറ്റ് ചിത്രമായ കെ‌ജി‌എഫിലെ നായകനായ യഷ്, സംഭവം നടക്കുമ്ബോള്‍ തന്റെ അടുത്ത ചിത്രമായ ടോക്സിക്കിന്റെ ചിത്രീകരണത്തിലായിരുന്നു. എന്നാല്‍, തിങ്കളാഴ്ച വൈകീട്ട് ഹുബ്ബള്ളി വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹം മൂന്ന് പേരുടെയും കുടുംബാംഗങ്ങളെ കാണാനും മരണത്തില്‍ അനുശോചനം അറിയിക്കാനും സുരനാഗി ഗ്രാമത്തിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *